ലിവർപൂൾ ജപ്പാൻ ക്യാപ്റ്റൻ വതാരു എൻഡോയെ സ്വന്തമാക്കി. ജർമ്മൻ ക്ലബ് സ്റ്റുഗാർട്ടിൽ നിന്നാണ് അവരുടെ ക്യാപ്റ്റൻ കൂടിയായ ജപ്പാൻ താരത്തെ ലിവർപൂൾ സ്വന്തമാക്കിയത്. മോയിസസ് കൈസെദോ, റോമിയോ ലാവിയ എന്നിവരെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട ശേഷമാണ് ലിവർപൂൾ അപ്രതീക്ഷിതമായി 30 കാരനായ താരത്തെ സ്വന്തമാക്കിയത്. ഏതാണ്ട് 18 മില്യൺ യൂറോ നൽകിയാണ് താരത്തെ ലിവർപൂൾ ടീമിൽ എത്തിച്ചത്.
2019 മുതൽ സ്റ്റുഗാർട്ട് ടീമിൽ കളിക്കുന്ന എൻഡോ കഴിഞ്ഞ 2,3 സീസണുകളിൽ ആയി ജർമ്മൻ ബുണ്ടസ് ലീഗയിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാൾ ആണ്. ജപ്പാന് ആയി 50 മത്സരങ്ങൾ കളിച്ച താരം കഴിഞ്ഞ ലോകകപ്പിൽ മികവ് കാണിച്ചിരുന്നു. മധ്യനിരക്ക് പുറമെ പ്രതിരോധത്തിലും കളിക്കാൻ സാധിക്കുന്ന താരത്തിന് നാലു വർഷത്തെ കരാർ ആണ് ലിവർപൂൾ നൽകിയത്. ലിവർപൂളിൽ ഈ അടുത്ത് ക്ലബ് വിട്ട ബ്രസീൽ താരം ഫാബീന്യോയുടെ നമ്പർ ആയ മൂന്നാം നമ്പർ ജേഴ്‌സി ആണ് താരം അണിയുക.