മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം വാൻ ഡെ ബീകും ക്ലബ് വിടും. നിരാശയാർന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് നാളുകൾക്ക് ശേഷമാണ് വാൻ ഡെബീക് ക്ലബ് വിടാൻ തീരുമാനിച്ചിരിക്കുന്നത്. താരം തനിക്ക് കൂടുതൽ മാച്ച് ടൈം കിട്ടാൻ സാധ്യതയുള്ള ക്ലബിലേക്ക് മാറാൻ ആണ് ആഗ്രഹിക്കുന്നത്. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ താരം ക്ലബ് വിടാൻ ശ്രമിക്കും. ക്ലബും വാൻ ഡെ ബീകിനെ വിൽക്കാൻ ഒരുക്കമാണ്.
മൂന്ന് സീസണായി ക്ലബിൽ എത്തിയിട്ട് എങ്കിലും ഓർമ്മിക്കാൻ ഒരു നല്ല പ്രകടനം പോലും വാൻ ഡെ ബീക് നടത്തിയിട്ടില്ല. അതിനുള്ള അവസരങ്ങൾ താരത്തിന് കാര്യമായി ലഭിച്ചിട്ടും ഇല്ല. ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതോടെ വാൻ ഡെ ബീക് തിരികെ ഫോമിലേക്ക് എത്തും എന്നായിരുന്നു കരുതിയത്. എന്നാൽ വാൻ ഡെ ബീകിന് പരിക്ക് വില്ലനായി എത്തി. ഈ സീസൺ പൂർണ്ണമായും പരിക്ക് കാരണം താരത്തിന് നഷ്ടമായി എന്ന് പറയാം.
ഡച്ച് യുവതാരം ഒരു സീസൺ മുമ്പ് എവർട്ടണിൽ ലോണിലേക്ക് പോയെങ്കിലും അവിടെയും വാൻ ഡെ ബീകിന് തിളങ്ങാൻ ആയിരുന്നില്ല. ആകെ 580 മിനുട്ട് പ്രീമിയർ ലീഗ് ഫുട്ബോൾ മാത്രമാണ് രണ്ടര വർഷത്തിൽ വാൻ ഡെ ബീക് കളിച്ചത്.