ബ്രസീലിയൻ മുന്നേറ്റ താരം ഗെയ്സ് ഫെരെര ബാഴ്‌സലോണ വിട്ടു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. കൈമാറ്റ തുക എത്രയെന്ന് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ബാഴ്‌സക്ക് ഒരിക്കലും തഴയാൻ സാധിക്കാത്ത തരത്തിൽ ഉള്ള ഉയർന്ന തുകയാണ് യുനൈറ്റഡ് സമർപ്പിച്ചത് എന്ന് വാരങ്ങൾക്ക് മുൻപ് മുണ്ടോ ഡിപ്പോർടിവോ റിപ്പോർട്ട് ചെയ്തിരുന്നു. താരത്തിന് ട്രാൻസ്ഫർ വിൻഡോയുടെ തുടക്കത്തിൽ സമർപ്പിച്ച ഓഫറുകൾ ബാഴ്‌സ പരിഗണിച്ചിരുന്നില്ല. കൂടാതെ കഴിഞ്ഞ ദിവസം താരത്തെ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇംഗ്ലീഷ് ടീം ഓഫർ വീണ്ടും പുതുക്കി നൽകിയതായി “സ്‌പോർടും” റിപ്പോർട്ട് ചെയ്‌തു. ഇതോടെ താരം മാഞ്ചസ്റ്ററിൽ എത്തി ബാക്കി നടപടികൾ പൂർത്തിയാക്കുകയാണ്. ജേണലിസ്റ്റ് ആയ മിഷേൽ മാക് കാൻ ആണ് ട്രാൻസ്ഫർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബാഴ്‌സലോണയിൽ ചാമ്പ്യൻസ് ലീഗും സൂപ്പർ കോപ്പയും ചാമ്പ്യൻസ് ലീഗും നേടിയ സീസണിന് ശേഷമാണ് ഗെയ്സ് ടീം വിടുന്നത്. കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് താരം ബാഴ്‌സയിൽ എത്തുന്നത്. 2021-22 കാലഘട്ടത്തിൽ മാഡ്രിഡ് സിഎഫ്എഫ് ക്ലബ്ബിന് വേണ്ടി 20 ഗോളുകൾ കണ്ടെത്തി ഓഷ്വാലക്കൊപ്പം പിച്ചിച്ചി അവാർഡ് പങ്കു വെച്ച പ്രകടനമാണ് ബാഴ്‌സയെ ആകർഷിച്ചത്. കഴിഞ്ഞ സീസണിൽ പത്തു ഗോളും ഏഴ് അസിസ്റ്റും സ്വന്തമാക്കി. വമ്പൻ താരങ്ങൾ നിറഞ്ഞ ബാഴ്‌സ നിരക്ക് വേണ്ടി 24 ലീഗ് മത്സരങ്ങളിലെ കളത്തിൽ ഇറങ്ങിയുള്ളൂ. അത് കൊണ്ട് തന്നെ യുനൈറ്റഡിലേക്കുള്ള നീക്കം താരത്തിനും കൂടുതൽ അവസരങ്ങൾ നൽകും. അലസ്യാ റൂസോയെ നഷ്ടമായ യുനൈറ്റഡ് ആവട്ടെ താരത്തിനൊത്ത പകരക്കാരെ ടീമിൽ എത്തിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു. വേഗവും ഗോളടിയും കൈമുതലായുള്ള ഗെയ്സെക്ക് ഈ റോളിൽ തിളങ്ങാൻ ആവുമെന്നാണ് യുനൈറ്റഡ് കണക്ക് കൂട്ടുന്നത്.
Download the Fanport app now!