സ്റ്റുഗർട്ടിന്റെ ക്രോയേഷ്യൻ ലെഫ്റ്റ് ബാക്ക് ബോർനാ സോസക്ക് വേണ്ടി സെവിയ്യയുടെ നീക്കം. ടീമുകൾ തമ്മിലുള്ള ചർച്ചകൾ മുന്നേട്ടു പോയിട്ടുണ്ടെന്ന് ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യുന്നു. ദേശിയ ടീമിന്റെ ലോകകപ്പ് സംഘത്തിലും അംഗമായിരുന്ന സോസക്ക് വേണ്ടി സെവിയ്യാ എത്ര തുക മുടക്കുമെന്ന് സൂചനയില്ല. അക്കൂന്യാ ടീം വിട്ടേക്കും എന്ന സൂചനകൾക്കിടെ മറ്റൊരു ലെഫ്റ്റ് ബാക്ക് ആയിരുന്ന ഓഗസ്റ്റിൻസൻ കൂടി ടീം വിട്ടത്തിനാൽ മികച്ച താരത്തെ തന്നെ ഈ സ്ഥാനത്തേക്ക് എത്തിക്കാനാണ് സ്പാനിഷ് ടീമിന്റെ ശ്രമം.
സ്റ്റുഗർട്ടിന് വേണ്ടി നൂറോളം മത്സരങ്ങൾ കളത്തിൽ ഇറങ്ങിയ താരം 2018ലാണ് ടീമിൽ എത്തുന്നത്. അഞ്ചു ഗോളുകളും കണ്ടെത്തിയിട്ടുള്ള താരം അക്കൂന്യായെ പോലെ ആക്രമണത്തിലും സഹായം നൽകാൻ പ്രാപ്തനായ താരമാണ്. സെവിയ്യ ടീം ഡയറക്ടർ ആയിരുന്ന മോഞ്ചി ആസ്റ്റൻ വില്ലയിൽ എത്തിയതിന് പിറകെയാണ് ടീം അക്കൂന്യാക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ലൂക്കസ് ഡീന്യെ സൗദിയിലേക്ക് ചേക്കേറുന്നതും ഒരു കാരണമായി. കോച്ച് ഉനയ് എമരിക്കും അർജന്റീനൻ താരത്തെ എത്തിക്കാൻ ആഗ്രഹമുണ്ട്. കൈമാറ്റം ഉടൻ പൂർത്തിയാവും എന്നു തന്നെയാണ് സൂചനകൾ. ഇതിനിടയിൽ കഴിഞ്ഞ സീസണിൽ ലോണിൽ ടീം വിട്ട ഓഗസ്റ്റിൻസനെ ഒരിക്കൽ കൂടി ലോണിൽ അയച്ച സെവിയ്യക്ക് ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് മികച്ച താരത്തെ എത്തിക്കേണ്ടത് അത്യവശ്യമായി വന്നിരിക്കുകയാണ്.