പി എസ് ജിയുടെ സെന്റർ ബാക്കായിരുന്ന സെർജിയോ റാമോസിനെ സ്വന്തമാക്കാനുള്ള ശ്രമം തുർക്കി ക്ലബായ ബെസികസ് അവസാനിപ്പിച്ചു. റാമോസ് സൈനിംഗ് ബോണസ് ആവശ്യപ്പെട്ടതിനാലാണ് ഈ ട്രാൻസ്ഫർ അവസാന ഘട്ടത്തിൽ നടക്കാതെ ആയത് എന്നാണ് റിപ്പോർട്ടുകൾ. റാമോസ് ഇപ്പോഴും ഫ്രീ ഏജന്റായി തുടരുകയാണ്. റാമോസിനായി സൗദിയിൽ നിന്നും അമേരിക്കയിൽ നിന്നും ഇപ്പോഴും ഓഫറുകൾ ഉണ്ട്.
എന്നാൽ പിഎസ്‌ജി വിട്ട ഡിഫൻഡർ സെർജിയോ തന്റെ ഭാവി ഇനിയും തീരുമാനിച്ചിട്ടില്ല. റാമോസിമായി ഇന്റർ മയാമി രംഗത്ത് ഉള്ളതായി നേരത്തെ ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആ ചർച്ചകളും മുന്നോട്ട് പോയില്ല.
അൽ നസറിനെ ഉൾപ്പെടെ സൗദിയിലെ ഒരു ടോപ് 4 ക്ലബ് കൂടെ റാമോസിനായി രംഗത്ത് ഉണ്ട്. പി എസ് ജിയിൽ ആയിരുന്നു റാമോസ് അവസാന രണ്ട് സീസണിൽ കളിച്ചിരുന്നത്. പരിക്കിന്റെ പ്രശ്‌നങ്ങൾ കാരണം വെല്ലുവിളി നിറഞ്ഞ ആദ്യ സീസൺ ആയിരുന്നു റാമോസിന് പി എസ് ജിയിൽ നേരിടേണ്ടി വന്നത്. എന്നാൽ രണ്ടാം സീസണിൽ ഫിറ്റ്നസ് വീണ്ടെടുത്ത റാമോസ് പി എസ് ജി നിരയിലെ സ്ഥിരം സാന്നിദ്ധ്യമായി. റാമോസിന്റെ പ്രകടനങ്ങൾ താരത്തിന് വലിയ ആരാധക പിന്തുണയും നൽകി. റാമോസിനെ നിലനിർത്താൻ പി എസ് ജി ശ്രമിച്ചിരുന്നു എങ്കിലും താരം ക്ലബിൽ തുടരാൻ താല്പര്യപ്പെട്ടില്ല.