ജൂലിയൻ നാഗെൽസ്മാനുമായി ആഴ്ചകൾ നീണ്ട ചർച്ചകൾക്ക് ഫലം കാണാതെ വന്നതോടെ പുതിയ പരിശീലകനു വേണ്ടിയുള്ള പിഎസ്ജിയുടെ നീക്കങ്ങൾ തുടരുന്നു. എഫ്സി പോർട്ടോ പരിശീലകൻ ആയ സെർജിയോ കോൻസ്യസാവോ ആണ് അടുത്തതായി ടീം ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് ആർഎംസി സ്‌പോർട് റിപ്പോർട്ട് ചെയ്യുന്നു. പോർച്ചുഗീസുകാരനായ കോച്ചിനെ ഏജന്റ് ആയ ജോർജെ മെന്റസ് വരും ദിവസങ്ങളിൽ തന്നെ പിഎസ്ജിയുമായി ചർച്ച നടത്തും. നാപോളി, യുവന്റസ് എന്നിവരും ഇദ്ദേഹത്തിനായി ശ്രമങ്ങൾ നടത്തിയിരുന്നു എന്ന് റിപ്പോർട്ട് സൂചിപ്പിച്ചു. എന്നാൽ മുൻപ് ഫ്രഞ്ച് ക്ലബ്ബ് ആയ നാന്റസിന്റെ പരിശീലിപ്പിച്ചിട്ടുള്ള കോൻസ്യസാവോക്ക് ഫ്രാൻസിലേക്ക് തിരിച്ചു വരാൻ ആണ് ആഗ്രഹം.
അതേ സമയം പിഎസ്ജി ഉപദേഷ്ടാവ് ലൂയിസ് കാംബോസ്, ആഴ്‌സനൽ പരിശീലകൻ മൈക്കൽ ആർട്ടേറ്റയുമായും ചർച്ചക നടത്തിയതായി ആർഎംസി വെളിപ്പെടുത്തി. തന്റെ മുൻ ക്ലബ്ബ് കൂടിയായ പിഎസ്ജിയുടെ ആവശ്യം ആർട്ടേറ്റ തള്ളിയിട്ടുണ്ട്. തിയാഗോ മോട്ട ആണ് ക്ലബ്ബിൽ പിന്തുണ ഉള്ള മറ്റൊരു കോച്ച്. എന്നാൽ നിലവിൽ കോൻസ്യസാവോയുമായുള്ള നീക്കങ്ങൾ ഫലം കണ്ടോല്ലെങ്കിൽ മാത്രമേ മറ്റു പേരുകളിലേക്ക് ടീം കടക്കുകയുള്ളൂ. പോർച്ചുഗീസ് ലീഗിൽ മൂന്ന് തവണ ബെസ്റ്റ് കോച്ച് ആയി മാറിയ കോൻസ്യസാവോ ടീമിന്റെ ചരിത്രത്തിൽ ആദ്യമായി പോർച്ചുഗീസ് ലീഗ് കപ്പും നേടിക്കൊടുത്തു. മൂന്ന് തവണ വീതം ലീഗും ടാക ഡെ പോർച്ചുഗലും ടീമിന്റെ ഷെൽഫിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. തുടർച്ചയായ ഈ കിരീട നേട്ടങ്ങൾ തന്നെയാണ് വമ്പൻ ക്ലബ്ബുകളുടെ കണ്ണിൽ കോൻസ്യസാവോയെ എത്തിച്ചത്.