ഫ്രാങ്ക്ഫർട്ടിന്റെ ഹാളറെ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി വെസ്റ്റ് ഹാം

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രെഞ്ച് താരം സെബാസ്റ്റ്യൻ ഹാളറെ ടീമിലെത്തിച്ച് വെസ്റ്റ് ഹാം. ബുണ്ടസ് ലീഗ ക്ലബ്ബായ എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിൽ നിന്നുമാണ് ഹാളർ പ്രീമിയർ ലീഗിലെത്തുന്നത്.
പുതിയ സീസണിൽ യൂറോപ്യൻ യോഗ്യത ലക്ഷ്യമിടുന്ന വെസ്റ്റ് ഹാം ക്ലബ്ബ് റെക്കോർഡായ 45 മില്ല്യൺ യൂറോ നൽകിയാണ് ഈ സ്ട്രൈക്കറെ ടീമിൽ എത്തിച്ചത്‌. അഞ്ച് വർഷത്തെ കരാറിലാണ് താരം വെസ്റ്റ് ഹാമിലെത്തുന്നത്. തേർഡ് കിറ്റ് അവതരിപ്പിക്കുന്ന വീഡിയോയിലൂടെയാണ് ഹാളറുടെ സൈനിംഗ് വെസ്റ്റ് ഹാം പുറത്ത് വിട്ടത്. ഒരു സ്ട്രൈക്കർക്കായുള്ള പെല്ലെഗ്രിനിയുടെ കാത്തിരിപ്പാണ് ഫ്രെഞ്ച് താരത്തിലൂടെ യാഥാർത്ഥ്യമായത്.

കഴിഞ്ഞ സീസണിൽ 36 മില്യണ് ഫിലിപ്പെ ആൻഡേഴ്സണെ ക്ലബിൽ എത്തിച്ചതായിരുന്നു ഇതിനു മുമ്പത്തെ വെസ്റ്റ് ഹാമിന്റെ ഏറ്റവും വലിയ ട്രാൻസ്ഫർ. 25കാരനായ ഹാളർ കഴിഞ്ഞ സീസണിൽ 15 ലീഗ് ഗോളുകൾ ജർമ്മനിയിൽ നേടിയിരുന്നു. യൂറോപ്പ ലീഗിലും 5 ഗോളുകൾ ഫ്രാങ്ക്ഫർടിനായി ഹാളർ ഈ കഴിഞ്ഞ സീസണിൽ നേടി. അർണാടൊവിച് ക്ലബ് വിട്ടതോടെ ഒഴിഞ്ഞു കിടക്കുന്ന സ്ട്രൈക്കർ ചുമതല ഇനി ഹാളറിനായിരിക്കും. ഫ്രഞ്ചുകാരനായ ഹാളർ മുമ്പ് ഫ്രാൻസിന്റെ അണ്ടർ 21 ടീമിൽ കളിച്ചിട്ടുണ്ട്. ഫ്രാങ്ക്ഫർട്ടിനൊപ്പം ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേണിനെ തകർത്ത് 2017-18 സീസണിൽ ഹാളർ ജർമ്മൻ കപ്പുയർത്തിയിരുന്നു.

സെൽറ്റ വിഗോ താരം മാക്സി ഗോമസിനായി വെസ്റ്റ് ഹാം ശ്രമിച്ചിരുന്നു എന്നാൽ ഗോമസ് ലാ ലീഗയിൽ തുടരാൻ വലൻസിയയിലേക്ക് പോവുകയായിരുന്നു‌. യൂറോപ്പിൽ ഫ്രാങ്ക്ഫർട്ടിന്റെ കരുത്തറിയിച്ച കഴിഞ്ഞ സീസണിലെ മികച്ച താരങ്ങളായ ഹാളറും യോവിച്ചും ക്ലബ്ബ് വിട്ടു കഴിഞ്ഞു. യോവിചിനെ റെക്കോർഡ് തുകയ്ക്കാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. 20 മില്ല്യണിൽ താഴെ ചിലവാക്കി ഇരു താരങ്ങളേയും എത്തിച്ച ഫ്രാങ്ക്ഫർട്ട് 100മില്ല്യണൊളമാണ് ട്രാൻസ്ഫറിലൂടെ നേടിയത്.