സീരി എയിലെ പ്രകടനം ഇംഗ്ലീഷ് മണ്ണിൽ ആവർത്തിക്കാൻ സാധിക്കാതെ വന്നപ്പോൾ ജിയാൻലൂക്ക സ്ക്കമാകയുടെ വെസ്റ്റ്ഹാം കരിയറിന് താൽക്കാലിക വിരാമം ആയേക്കും. താരത്തിന് വേണ്ടി എഎസ് റോമ ശ്രമിക്കുന്നതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ടീം ഡയറക്ടർ തിയാഗോ പിന്റോ നേരിട്ട് ലണ്ടനിൽ എത്തിയിട്ടുണ്ട്. പരിക്കേറ്റ മുന്നേറ്റ താരം ടാമി എബ്രഹാമിന്റെ തിരിച്ച് വരവ് വൈകും എന്നതിനാൽ ആ സ്ഥാനത്തേക്കാണ് സ്ക്കമാകയെ റോമ ഉന്നം വെക്കുന്നത്. അതേ സമയം താരത്തെ ട്രാൻസ്ഫറിലൂടെ കൈമാറാനും വെസ്റ്റ്ഹാം സന്നദ്ധരാണ് എന്നാണ് സൂചന.
സീരി എയിൽ സസുളോക്ക് വേണ്ടി പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് സ്ക്കമാകയെ വമ്പൻ ടീമുകളുടെ റഡാറിൽ എത്തിച്ചത്. പതിനാറു ഗോളുകൾ ആണ് 2021-22 സീസണിൽ താരം കുറിച്ചത്. എന്നാൽ വെസ്റ്റ്ഹാമിലേക്ക് എത്തിയപ്പോൾ ആകെ എട്ടു ഗോളുകൾ മാത്രം നേടാനെ ഈ സീസണിൽ അദ്ദേഹത്തിന് സാധിച്ചുള്ളൂ. പക്ഷെ യൂറോപ്പ കോൺഫറൻസ് കിരീടം നേടി ടീം ചരിത്രം കുറിച്ചപ്പോൾ ടൂർണമെന്റിൽ അഞ്ച് ഗോളുകൾ താരം സ്വന്തം പേരിൽ കുറിച്ചു. താരത്തിന്റെ കഴിവിനൊത്ത ശൈലി അല്ല ടീം പിന്തുടരുന്നതെന്ന് സഹതാരം ആന്റണിയോയും മുൻപ് അഭിപ്രായപെട്ടിരുന്നു. ഏകദേശം 35 മില്യൺ യൂറോ മുടക്കിയാണ് ഇറ്റാലിയൻ താരത്തെ വെസ്റ്റ്ഹാം ടീമിലേക്ക് എത്തിച്ചത്.
Download the Fanport app now!