മുൻ എ.എസ് റോമ താരം നിക്കോളോ സാനിയോലോയെ ആസ്റ്റൺ വില്ല സ്വന്തമാക്കും. തുർക്കി ക്ലബ് ഗലറ്റസരയിൽ ഈ ഫെബ്രുവരിയിൽ ചേർന്ന താരത്തെ നിലവിൽ ലോണിൽ ആണ് വില്ല സ്വന്തമാക്കുക. തുടർന്ന് അടുത്ത സീസണിൽ 27 മില്യൺ യൂറോ നൽകി ഈ കരാർ സ്ഥിരമാക്കാനുള്ള വ്യവസ്ഥയും ഗലയും ആയുള്ള ധാരണയിൽ ഉണ്ട്. വില്ലയിലേക്ക് വരണം എന്ന 24 കാരന്റെ താൽപ്പര്യവും കരാർ വേഗത്തിൽ ആക്കാൻ സഹായിച്ചു. എ.സി.എൽ ഇഞ്ച്വറി നേരിട്ട അർജന്റീന താരം എമി ബുയെന്ദിയക്ക് പകരമാണ് ഇറ്റാലിയൻ താരത്തെ വില്ല ടീമിൽ എത്തിക്കുന്നത്.
15 മില്യൺ യൂറോ നൽകി ആയിരുന്നു തുർക്കി ക്ലബ് താരത്തെ ഫെബ്രുവരിയിൽ ടീമിൽ എത്തിച്ചത്. സമീപകാലത്ത് പരിക്ക് വലച്ച സാനിയോലോ കരിയർ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിൽ ആണ്. മുൻ റോമ ഡയറക്ടറും നിലവിലെ വില്ല ഡയറക്ടറും ആയ മോഞ്ചിയുടെ ക്ലബിലെ സാന്നിധ്യം വില്ല നീക്കത്തിൽ നിർണായകമായി. നേരത്തെ ഇന്റർ മിലാനിൽ നിന്നു സാനിയോലോ റോമയിൽ എത്തിയ സമയത്ത് മോഞ്ചി ആയിരുന്നു റോമ ഡയറക്ടർ. 2 തവണ എ.സി.എൽ ഇഞ്ച്വറി നേരിട്ട സാനിയോലോ 128 കളികളിൽ നിന്നു 24 ഗോളുകളും ഇറ്റലിക്ക് ആയി 13 കളികളിൽ നിന്നു 2 ഗോളുകളും നേടിയിട്ടുണ്ട്. പഴയ മികവിലേക്ക് സാനിയോലോ ഉയർന്നാൽ അത് വില്ലക്ക് വലിയ നേട്ടം ആവും.