മിലാനെ മറികടന്ന് പി എസ് ജി റെനാറ്റോ സാഞ്ചേസിനെ സ്വന്തമാക്കിയേക്കും

പോർച്ചുഗീസ് യുവതാരം റെനാറ്റോ സാഞ്ചേസിനെ പി എസ് ജി സ്വന്തമാക്കാൻ സാധ്യത. ഇത്ര കാലവും എ സി മിലാൻ ആയിരുന്നു ലില്ലെയുടെ താരമായ സാഞ്ചേസിനായി ശ്രമിക്കുന്നത്. എന്നാൽ ഇപ്പോൾ എ സി മിലാനെ മറികടന്ന് പി എസ് ജി സാഞ്ചെസിനെ സ്വന്തമാക്കുന്നതിന് അടുത്ത് എത്തി. എ സി മിലാൻ ലില്ലെക്ക് 15 മില്യൺ മാത്രമായിരുന്നു വാഗ്ദാനം ചെയ്തത്. എന്നാൽ പി എസ് ജി 20 മില്യന്റെ ഓഫർ നൽകിയിട്ടുണ്ട്.

സീരി എ ചാമ്പ്യന്മാരായ എ സി മിലാൻ പുതിയ ബിഡ് സമർപ്പിക്കുമോ എന്ന് കണ്ടറിയണം. കഴിഞ്ഞ ജനുവരി മുതൽ സാഞ്ചേസ് മിലാനുമായി ചർച്ചകൾ നടത്തുന്നുണ്ട്. എന്നിട്ടും മിലാന് താരത്തെ സ്വന്തമാക്കാൻ ആയില്ല എങ്കിൽ അത് മാനേജ്മെന്റിന്റെ പരാജയമായി ആരാധകർ കണക്കാക്കും.

2019 മുതൽ താരം ലില്ലെയിൽ ഉണ്ട്. ലില്ലെക്ക് ഒപ്പം സാഞ്ചേസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. ഇപ്പോൾ പോർച്ചുഗീസ് ദേശീയ ടീമിലെയും സ്ഥിര സാന്നിദ്ധ്യം ആണ് സാഞ്ചസ്. മുമ്പ് ബെൻഫികയ്ക്ക് ആയി കളിച്ചാണ് സാഞ്ചസ് ലോക ശ്രദ്ധ നേടിയത്. അവിടെ നിന്ന് ബയേണിലേക്ക് എത്തിയ സാഞ്ചേസിന് പക്ഷെ അവിടെ നിരാശയായിരുന്നു ഉണ്ടായിരുന്നത്. ബയേണിൽ അധികം അവസരവും സാഞ്ചേസിന് കിട്ടിയിരുന്നില്ല.

2016 യൂറോ കപ്പിൽ പോർച്ചുഗലിനെ ചാമ്പ്യന്മാർ ആക്കുന്നതിൽ വലിയ പങ്കുവഹിച്ച താരവുമാണ് റെനാറ്റോ