ഡാനി റോസ് ഇനി വാറ്റ്ഫോർഡിൽ

Newsroom

പരിചയസമ്പന്നരായ ഇംഗ്ലണ്ട് ഇന്റർനാഷണൽ ഡാനി റോസ് ഇനി വാറ്റ്ഫോർഡിനായി കളിക്കും. 14 വർഷത്തിന് ശേഷം ടോട്ടൻഹാം ഹോട്‌സ്പർ വിട്ട താരം ഫ്രീ ഏജന്റായാണ് വാറ്റ്ഫോർഡിൽ എത്തുന്നത്. താരം രണ്ട് വർഷത്തെ കരാറിൽ ഒപ്പിട്ടു. നേരത്തെ 2008/09 സീസണിൽ വാറ്റ്ഫോർഡിൽ ലോൺ അടിസ്ഥാനത്തിൽ ഡാനി റോസ് കളിച്ചിരുന്നു.

2015/16, 2016/17 എന്നീ വർഷങ്ങളിൽ പി‌എഫ്‌എ പ്രീമിയർ ലീഗ് ടീം ഓഫ് ദ ഇയർ പട്ടികയിൽ ഇടംനേടിയ താരം 2015 ലീഗ് കപ്പ് ഫൈനലിലും 2019 ചാമ്പ്യൻസ് ലീഗ് ഫൈനലിലും സ്പർസിനായി കളിച്ചിരുന്നു. ഇംഗ്ലണ്ട് 2018 ൽ ലോകകപ്പ് സെമി ഫൈനലിലെത്തിയപ്പോൾ താരം ടീമിൽ ഉണ്ടായിരന്നു.

30കാരനായ താരം 2007 മുതൽ ടോട്ടൻഹാം ക്ലബിൽ ഉണ്ട്. എന്നാൽ അവസാന രണ്ടു സീസണുകളിലായി ക്ലബിൽ അധികം അവസരം ലഭിച്ചില്ല. ലോണിൽ പോകേണ്ടതായും വന്നു. ഇരുന്നോറോളം മത്സരങ്ങൾ റോസ് സ്പർസിനായി കളിച്ചിട്ടുണ്ട്.