ബ്രസീലിയൻ യുവതാരം വിറ്റോർ റോക്വെയെ സ്വന്തമാക്കിയതായി ബാഴ്‌സലോണ പ്രഖ്യാപിച്ചു. നേരത്തെ അറിയിച്ച ട്രാൻസ്ഫർ കണക്കുകളിൽ ചെറിയ മാറ്റങ്ങൾ ഇത്തവണ ഉണ്ട്. ടീമിന്റെ ട്രാൻസ്ഫർ വിൻഡോയിലെ മൂന്നാമത്തെ സൈനിങ് ആണ് റോക്വെ. എന്നാൽ 2024-25 മാത്രമേ താരം ടീമിനോടൊപ്പം ചേരുകയുള്ളൂ എന്ന് ബാഴ്‌സ വെബ് സൈറ്റിൽ കുറിച്ചു. അഞ്ഞൂറു മില്യൺ യൂറോ ആണ് റിലീസ് ക്ലോസ് ആയി ചേർത്തിരിക്കുന്നത്. ആദ്യം 2029 വരെയുള്ള കരാർ എന്നാണ് കരുതിയതെങ്കിൽ ടീമിന്റെ പ്രഖ്യാപനം എത്തിയപ്പോൾ 2031 വരെയുള്ള ദീർഘകാല കരാറിൽ ആണ് താരം ഒപ്പിട്ടിരിക്കുന്നത് എന്ന് വ്യക്തമായി.
റോക്വെ വളർന്നു വരുന്ന പ്രതിഭയാണെന്ന് വെബ് സൈറ്റിൽ കുറിച്ച ബാഴ്‌സ, താരത്തിന് വിങ്ങുകളിലും സാഹചര്യമനുസരിച്ച് കളിക്കാനുള്ള കഴിവ് ഉള്ളതായി ചൂണ്ടിക്കാണിച്ചു. ഗെയിം മനസിലാക്കാനും വേഗതയും ഗോൾ നേടാനുമുള്ള കഴിവും താരത്തെ കൂടുതൽ അപകടകാരിയാക്കുന്നു. വെറും പതിനെട്ടു വയസിനുള്ളിൽ താരം 50 ലീഗ് മത്സരങ്ങൾ പൂർത്തിയാക്കി. ബ്രസീൽ ജേഴ്‌സിയിൽ സൗത്ത് അമേരിക്കൻ അണ്ടർ 20 ടൂർണമെന്റിൽ ടോപ്പ് സ്‌കോറർ ആയിരുന്നു. കൈമാറ്റ തുകയിലും നേരത്തെ പ്രഖ്യാപിച്ചതിന് നിന്നും മാറ്റങ്ങൾ ഉള്ളതായി സ്പാനിഷ് മാധ്യമങ്ങൾ വെളിപ്പെടുത്തി. 30 മില്യൺ യൂറോയും കൂടെ 31 മില്യൺ ആഡ് ഓണുകളും ചേർന്നതാണ് ഓഫർ. കരാർ ഏഴു വർഷത്തെക്ക് നീട്ടിയത് ടീമിന്റെ ഫിനാൻഷ്യൽ ഫെയർ പ്ലേ അനുസരിച്ച് താരത്തെ എത്രയും പെട്ടെന്ന് എത്തിക്കാൻ ആണെന്നാണ് സൂചന. ജനുവരിയിൽ റോക്വെയെ ടീമിനോടോപ്പം ചേർക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷ. അതിനും സാധിച്ചില്ലെങ്കിൽ അടുത്ത ജൂണോടെ മാത്രമേ താരം ബാഴ്‌സയിൽ എത്തൂ.
Download the Fanport app now!