ഫ്രാങ്ക്ഫെർട് വിടുന്ന സെന്റർ ബാക്ക് ഇവാൻ എൻഡിക്ക് വേണ്ടിയുള്ള എഎസ് റോമയുടെ ശ്രമങ്ങൾ അവസാന ഘട്ടത്തിലേക്ക്. താരവുമായി നേരത്തെ ധാരണയിൽ എത്തിയ ടീമിന് പക്ഷെ സീസൺ അവസാനിച്ചിട്ടും ഔദ്യോഗിക കരാറിൽ എത്താൻ ആയിരുന്നില്ല. ഈ വാരം തന്നെ ട്രാൻസ്ഫർ നീക്കം ലക്ഷ്യം കാണാൻ ആവുമെന്ന പ്രതീക്ഷയിലാണ് റോമ എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഫ്രീ എജന്റ് ആയാണ് താരം റോമയിലേക്ക് എത്തുക. ഫ്രാങ്ക്ഫെർട്ടുമായുള്ള എൻഡിക്കയുടെ കരാർ ഈ മാസത്തോടെ അവസാനിക്കും.
കഴിഞ്ഞ ദിവസം ലിയോണിൽ നിന്നും ഹോസ്സേം ഔവയേയും ഫ്രീ ഏജന്റ് ആയി എത്തിച്ച റോമക്ക് ഇനി എൻഡിക്കയുടെ നീക്കത്തിൽ മാത്രം ശ്രദ്ധ കേന്ദ്രികരിക്കാൻ ആവും. അഞ്ച് വർഷത്തെ കരാർ ആണ് ഇരുപത്തിമൂന്നുകാരന് മുമ്പിൽ റോമ വെച്ചിരിക്കുന്നത്. ആഴ്ചകൾക്ക് മുൻപ് തന്നെ റോമ കരാറിൽ ഒപ്പിടുന്നതിന്റെ വക്കിൽ എതിയിരുന്നെങ്കിലും എസി മിലാൻ അവസാന നിമിഷം താരത്തിന് മുന്നിൽ ഓഫറുമായി എത്തിയെന്ന സൂചനകൾ ലഭിച്ചിരുന്നു. എന്നാൽ പിന്നീട് അവരുടെ ഭാഗത്ത് നിന്നും നീക്കങ്ങൾ ഒന്നുമുള്ളതായി സൂചനയില്ല. വീണ്ടും താരവുമായി ചർച്ച നടത്തിയാണ് റോമ കരാറിന്റെ കാര്യത്തിൽ ധാരണയിൽ എത്തിയത്. മറ്റ് പല ടീമുകൾക്കും താരത്തിൽ താൽപര്യമുണ്ടെന്ന് റൊമാനോ ചൂണ്ടിക്കാണിച്ചു.