ആഴ്‌സണൽ ലെഫ്റ്റ് ബാക്ക് കിയരൺ ടിയേർണിയെ ലോണിൽ സ്പാനിഷ് ലാ ലീഗ ക്ലബ് റയൽ സോസിദാഡ് സ്വന്തമാക്കുന്നു. നിലവിൽ താരത്തെ കൈമാറുന്ന കാര്യത്തിൽ ഇരു ക്ലബുകളും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിൽ ആണ്. താരത്തെ ഈ സീസൺ മുഴുവൻ ലോണിൽ വിടാൻ ആണ് ആഴ്‌സണൽ ശ്രമം. ആഴ്‌സണലിന് ലോൺ തുക ലഭിക്കുമ്പോൾ താരത്തിന്റെ മുഴുവൻ വേതനവും സ്പാനിഷ് ക്ലബ് വഹിക്കും. നേരത്തെ താരത്തിന് ആയി മുൻ ക്ലബ് സെൽറ്റിക് രംഗത്ത് ഉണ്ടായിരുന്നു. സ്ഥിരമായി കളിക്കാനുള്ള അവസരവും ചാമ്പ്യൻസ് ലീഗ് ഉണ്ട് എന്നതും 26 കാരനായ ടിയേർണിയെ സോസിദാഡിലേക്ക് അടുപ്പിക്കുന്നു.
കാര്യങ്ങൾ ശരിയായി നടന്നാൽ ഈ ആഴ്ച തന്നെ ടിയേർണി സ്പാനിഷ് ക്ലബിൽ മെഡിക്കലിന് വിധേയനാവും. 2019 ൽ സ്‌കോട്ടിഷ് ക്ലബ് സെൽറ്റിക്കിൽ നിന്നാണ് സ്‌കോട്ടിഷ് താരത്തിനുള്ള റെക്കോർഡ് തുക ആയ 25 മില്യൺ പൗണ്ടിനു ടിയേർണി ആഴ്‌സണലിൽ എത്തിയത്. 2020 ൽ ആഴ്‌സണലിന് എഫ്.എ കപ്പ് നേടി കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരം കഴിഞ്ഞ വർഷങ്ങളിൽ ആഴ്‌സണലിന്റെ പ്രധാനപ്പെട്ട താരം ആയിരുന്നു. എന്നാൽ മിഖേൽ ആർട്ടെറ്റയുടെ കളി ശൈലി താരത്തിന് യോജിക്കാത്തതും കഴിഞ്ഞ സീസണിലെ സിഞ്ചെങ്കോയുടെ വരവും താരത്തിന് ടീമിലെ അവസരങ്ങൾ കുറച്ചു. ആരാധകർക്ക് പ്രിയപ്പെട്ട താരമായ ടിയേർണിയെ ഒഴിവാക്കുന്നത് ആരാധകർക്ക് അതൃപ്തി ഉള്ള കാര്യമാണ്. ആഴ്‌സണലിന് ആയി 124 മത്സരങ്ങൾ കളിച്ച ടിയേർണി സ്‌കോട്ടിഷ് ദേശീയ ടീമിന് ആയി 39 കളികളും കളിച്ചിട്ടുണ്ട്.