ബയേൺ മ്യൂണിക്കിൽ നിന്നും അൽഫോൺസോ ഡേവിസിനെ ഉന്നമിട്ട് റയൽ മാഡ്രിഡ്. അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സ്പാനിഷ് ഭീമന്റെ സുപ്രധാന ലക്ഷ്യങ്ങളിൽ ഒരാൾ ആകും കനേഡിയൻ താരം എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ജർമൻ മാധ്യമമായ ബിൽഡും ഇത് സംബന്ധിച്ച് സൂചനകൾ നൽകിയിരുന്നു. 2025 ഓടെ താരത്തിന്റെ ബയേണിലുള്ള കരാർ അവസാനിക്കാൻ ഇരിക്കുകയാണ്. എങ്കിലും പുതിയ കരാർ സംബന്ധിച്ച ചർച്ചകൾ ഇതുവരെ എങ്ങുമെത്തിയിട്ടില്ല.
അതേ സമയം റയലിലേക്ക് ചേക്കേറുന്നത് തന്നെയാണ് ഡേവിസും ഉന്നം വെക്കുന്നത് എന്നാണ് റിപോർട്ടുകൾ. താരത്തിന് ഇനിയും ബയേണിൽ കരാർ ഉണ്ടെന്നും വരും വാരങ്ങളിൽ ഭാവി സംബന്ധിച്ച കാര്യങ്ങൾ അറിയാൻ സാധിക്കും എന്നും ഏജന്റ് ആയ നിക് ഹൗസെ പ്രതികരിച്ചു. ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് റയൽ കാര്യമായ തലവേദന നേരിടുന്നുണ്ട്. പലപ്പോഴും കമാവിംഗയാണ് ഈ സ്ഥാനത്ത് എത്തിക്കൊണ്ടിരുന്നത്. അത് കൊണ്ട് തന്നെ ലെഫ്റ്റ് ബാക്ക് ആയി ഒരു ലോകോത്തര താരത്തെ എത്തിക്കാൻ തന്നെയാണ് റയലിന്റെ നീക്കം. 23കാരനായ ഡേവിസ് കൂടി എത്തിക്കഴിഞ്ഞാൽ ജൂഡും വിനിഷ്യസും ചൗമേനിയും വാൽവെർടേയും എല്ലാം ചേർന്ന യുവനിരയുടെ കരുത്ത് വീണ്ടും വർധിക്കും. ഏകദേശം 40മില്യൺ യൂറോളമാണ് ഡേവിസിന്റെ ട്രാൻസ്ഫർ ഫീ ആയി കണക്ക് കൂട്ടുന്നത്. എന്നാൽ താരം ബയേണിൽ പുതിയ കരാർ ഒപ്പു വെക്കുകയാണെങ്കിൽ ഈ നീക്കം ഈ തുക വീണ്ടും വർധിക്കും എന്നുറപ്പാണ്.
Download the Fanport app now!