യുവന്റസ് അവരുടെ മധ്യനിര താരം റാംസിയെ വിൽക്കാനുള്ള ശ്രമങ്ങൾ സജീവമാക്കി. യുവന്റസിന്റെ ഭാവി പദ്ധതികളിൽ ഒന്നും റാംസി ഇല്ല എന്നത് കൊണ്ട് തന്നെ പെട്ടെന്ന് താരത്തെ വിൽക്കാൻ ആണ് പരിശീലകൻ അലെഗ്രിയും യുവന്റസ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. തിരികെ ഇംഗ്ലണ്ടിലേക്ക് വരാൻ ആണ് റാംസി ആഗ്രഹിക്കിന്നത്. ചില പ്രീമിയർ ലീഗ് ക്ലബുകൾ ശ്രമിക്കുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെസ്റ്റ് ഹാം യുണൈറ്റഡ്, ക്രിസ്റ്റൽ പാലസ് എന്നീ ക്ലബുകൾ ഓഫറുകളുമായി റാംസിയെ കഴിഞ്ഞ സമ്മറിൽ സമീപിച്ചിരുന്നു.
2019 ൽ ആഴ്സണലിൽ നിന്ന് ഒരു ഫ്രീ ട്രാൻസ്ഫറിൽ യുവന്റസിൽ എത്തിയ റാംസിക്ക് അവസാന രണ്ടു സീസണുകൾ അത്ര നല്ലതായിരുന്നില്ല. 30 കാരനായ താരത്തിന് യുവന്റസിൽ ഇനിയും രണ്ട് വർഷത്തെ കരാർ ബാക്കിയുണ്ട്. ടൂറിനിൽ അദ്ദേഹം വളരെയധികം പ്രതീക്ഷയോടെയാണ് എത്തിയത് എങ്കിലും ആ പ്രതീക്ഷിച്ച ഉയരത്തിലെത്താൻ റാംസിക്ക് കഴിഞ്ഞില്ല. വെയിൽസ് ഇന്റർനാഷണൽ താരം രണ്ട് സീസണുകളിലായി അമ്പതോളം സീരി എ മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. അതിൽ 24 എണ്ണം മാത്രം സ്റ്റാർട്ട് ചെയ്യാൻ റാംസിക്ക് ആയിരുന്നുള്ളൂ.