മുൻ ചെൽസി താരം പെഡ്രോ റോഡ്രിഗസ് ഇനി ഇറ്റാലിയൻ ക്ലബ്ബ് റോമയിൽ. ചെൽസിയുമായുള്ള കരാർ ഈ സീസൺ അവസാനത്തോടെ തീർന്നതോടെയാണ് താരം ഫ്രീ ട്രാൻസ്ഫറിൽ റോമയിൽ എത്തിയത്. 3 വർഷത്തെ കരാറാണ് താരത്തിന് ഇറ്റാലിയൻ ക്ലബ്ബ് നൽകിയിരിക്കുന്നത്.
33 വയസുകാരനായ പെഡ്രോ ബാഴ്സലോണ യൂത്ത് ടീമുകൾ വഴിയാണ് വളർന്നത്. 2008 മുതൽ 2015 വരെ ബാഴ്സലോണ സീനിയർ ടീമിൽ കളിച്ച താരം 2015 ലാണ് ചെൽസിയിൽ എത്തിയത്. 2010 മുതൽ സ്പാനിഷ് ദേശീയ ടീം അംഗമാണ്. ബാഴ്സലോണക്ക് ഒപ്പം ല ലീഗ, ചാമ്പ്യൻസ് ലീഗ്, കോപ്പ ഡെൽ റെ, സൂപ്പർ കോപ്പ, ക്ലബ്ബ് ലോക കപ്പ്, സൂപ്പർ കപ്പ് കിരീടങ്ങളും ചെൽസിക്ക് ഒപ്പം പ്രീമിയർ ലീഗ്, യൂറോപ്പ ലീഗ്, എഫ് എ കപ്പ് കിരീടങ്ങളും നേടിയിട്ടുണ്ട്.