റേസിംഗ് സാന്റാണ്ടർ ലാ ലീഗ രണ്ടാം ഡിവിഷനിലേക്കെത്തിയപ്പോൾ മികച്ച പ്രകടനവുമായി ടീമിന്റെ മധ്യനിരയുടെ നാട്ടെല്ലായിരുന്നു പാബ്ലോ ടോറെ. സ്പെയിനിലെ മികച്ച യുവതാരങ്ങളിൽ ഒരാളായി കണക്ക് കൂട്ടിയ ടോറെയെ ബാഴ്‌സലോണ വൈകാതെ സ്വന്തം പാളയത്തിൽ എത്തിച്ചു. പ്രീ സീസണിൽ സീനിയർ ടീമിനോടൊപ്പം കളത്തിലിറങ്ങാൻ സാവി അവസരം നൽകിയിരുന്നു. എന്നാൽ ബി ടീമിനോടൊപ്പം ആവും താരം കൂടുതൽ സമയം ചെലവിടുക എന്നുള്ളത് ഉറപ്പായിരുന്നു. എന്നാൽ താരത്തെ ലോണിൽ വിടാൻ ബാഴ്‌സലോണ ശ്രമിക്കുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. താരത്തിന്റെ മുൻ ക്ലബ്ബ് ആയ റേസിങിലേക്ക് തന്നെ ആവും ലോണിൽ നൽകുക.
മധ്യനിരയിൽ ആവശ്യത്തിന് താരങ്ങൾ ഉള്ളതിനാൽ സീനിയർ ടീമിൽ വളരെ ചുരുക്കം അവസരങ്ങളെ സീസണിൽ താരത്തിന് ലഭിക്കുകയുള്ളൂ എന്ന് ബാഴ്‌സലോണ തിരിച്ചറിയുന്നുണ്ട്. ഇത്രയും പ്രതിഭാധനനായ താരത്തെ ബി ടീമിൽ തളച്ചിടേണ്ട ആവശ്യവുമില്ല. ഇതോടെയാണ് ആദ്യം തള്ളിക്കളഞ്ഞിരുന്ന ലോൺ സാധ്യത വീണ്ടും ടീം പരിഗണിക്കുന്നത്. ലാ ലീഗയിൽ നിന്ന് തന്നെ താരത്തിന് ആവശ്യക്കാർ ഉണ്ടെങ്കിലും തന്റെ മുൻ ക്ലബ്ബിലേക്ക് തന്നെ മടങ്ങുന്നതാണ് താരവും ഇഷ്ടപ്പെടുന്നത്. ഇതോടെ ഈ വാരം തന്നെ ടോറെയുടെ ഭാവി തീരുമാനിക്കാനാണ് ബാഴ്‌സയുടെ നീക്കം. രണ്ടാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടിയ റേസിങിന് താരത്തിന്റെ വരവ് കരുത്തേകും.