ഫ്രഞ്ച് യുവതാരം ലോയിക് ബാദെ സെവിയ്യയിൽ ചേരും. റെന്നെ താരമായിരുന്ന ഇരുപത്തിരണ്ടുകാരൻ സീസണിന്റെ തുടക്കത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിൽ ലോണിൽ ചേർന്നിരുന്നു. ഈ കരാർ റദ്ദാക്കിയാണ് താരം സ്പെയിനിലേക്ക് തിരിക്കുന്നത്. സെവിയ്യയിലും ലോണിലാണ് ബാദെ എത്തുന്നത്. ലോൺ കാലാവധിക്ക് ശേഷം താരത്തെ സെവിയ്യക്ക് സ്വന്തമാക്കാനുള്ള സാധ്യതയും കരാറിൽ ഉണ്ട്.
ലെൻസ്, റെന്നെ എന്നീ ക്ലബ്ബുകൾക്കായി ഫ്രഞ്ച് ലീഗിൽ ബൂട്ട് കെട്ടിയ ശേഷമാണ് ബാദെ പ്രീമിയർ ലീഗിലേക്ക് എത്തിയത്. ഇരു ടീമുകളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്ന താരത്തിന് പക്ഷെ നോട്ടിങ്ങ്ഹാമിൽ ഒറ്റ മിനിറ്റ് പോലും കളത്തിൽ ഇറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല. ഇതാണ് ലോൺ കാലാവധി തീരുന്നതിന് മുൻപ് ടീം വിടാൻ താരത്തെ നിർബന്ധിതനാക്കിയത്. സെവിയ്യ ആവട്ടെ സംപോളിക്ക് കീഴിൽ ടീം വീണ്ടും ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ്. ഇത്തവണ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ടീം എത്തിക്കുന്ന ആദ്യ താരമാവും ബാദെ. ഡീഗോ കാർലോസ് ടീം വിട്ടത്തിന് ശേഷം പകരം എത്തിയ മാർകാവോക് നേരത്തെ പരിക്കേറ്റത് ടീമിന് വലിയ തിരിച്ചടി ആയിരുന്നു. ഈ സ്ഥാനത്തേക്കാണ് ഫ്രഞ്ച് പ്രതിരോധ താരം എത്തുന്നത്.