തരം താഴ്ത്തൽ ഒഴിവാക്കാൻ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ രണ്ടും കൽപ്പിച്ചു ന്യൂ കാസ്റ്റിൽ യുണൈറ്റഡ്. നിലവിൽ പണം വാരി എറിഞ്ഞ പുതിയ ഉടമകൾ ടീമിന്റെ തരം താഴ്ത്തൽ ഒഴിവാക്കാൻ റെക്കോർഡ് തുകയാണ് ചിലവഴിക്കുന്നത്. ഗോളുകൾ അടിക്കാൻ ബുദ്ധിമുട്ടുന്ന ന്യൂ കാസ്റ്റിൽ ഇതിനകം ക്രിസ് വുഡിനെ ടീമിൽ എത്തിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് 19 കാരനായ ഫ്രഞ്ച് യുവ താരം ഹ്യൂഗ്യോ എകിറ്റികെയെ ടീമിൽ എത്തിക്കാൻ ഒരുങ്ങുന്നത്. നിലവിൽ ന്യൂ കാസ്റ്റിലിന്റെ 25 മില്യൺ യൂറോയുടെ വാഗ്ദാനം ഫ്രഞ്ച് ക്ലബ് റെയ്മ്സ് സ്വീകരിച്ചു എന്നാണ് സൂചനകൾ.
ഫ്രഞ്ച് ലീഗ് വണ്ണിൽ നിലവിൽ 14 മത് ഉള്ള റെയ്മ്സിന്റെ മുന്നേറ്റ നിരയിലെ കുന്തമുനയാണ് 19 കാരനായ ഹ്യൂഗ്യോ. ഭാവി സൂപ്പർ താരം എന്നു കരുതുന്ന താരം നിലവിൽ ലീഗിൽ ഇത് വരെ 8 ഗോളുകളും 2 അസിസ്റ്റുകളും നേടിയിട്ടുണ്ട്. 5 കൊല്ലത്തേക്ക് ആവും താരം ടീമിൽ എത്തുക. ആഴ്‌സണലിൽ നിന്നു എഡി എൻങ്കിതയെ സ്വന്തമാക്കാൻ സാധിക്കാതെ വന്നപ്പോൾ ആണ് ന്യൂ കാസ്റ്റിലിന്റെ ശ്രദ്ധ ഫ്രഞ്ച് യുവ താരത്തിലേക്ക് തിരിഞ്ഞത്. ഇതിനു പുറമെ ആസ്റ്റൺ വില്ല ലെഫ്റ്റ് ബാക്ക് ആയ മാറ്റ് ടാർഗറ്റിനെയും എഡി ഹൗ തന്റെ പാളയത്തിൽ എത്തിക്കും എന്നാണ് സൂചന. എവർട്ടണിൽ നിന്നു ലൂക്കാസ് ഡിഗ്ന വില്ലയിൽ എത്തിയതോടെ ടീമിൽ സ്ഥാനം സംശയമായ ടാർഗറ്റ് ന്യൂ കാസ്റ്റിലും ആയി കരാറിൽ ഒപ്പിട്ടു എന്നാണ് നിലവിലെ സൂചനകൾ.