ഭാവിയിലേക്ക് ആയി ഫുൾഹാമിന്റെ യുവ പോർച്ചുഗീസ് താരത്തെ സ്വന്തമാക്കാൻ ഒരുങ്ങി ലിവർപൂൾ

ട്രാൻസ്ഫർ വിപണിയിൽ ഭാവി മുന്നിൽ കണ്ടു ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് ക്ലബ് ഫുൾഹാമിന്റെ യുവ വിങർ ഫാബിയോ കാർവാൽഹോയെ സ്വന്തമാക്കാൻ ഒരുങ്ങി ലിവർപൂൾ. ചാമ്പ്യൻഷിപ്പിൽ മറ്റു ടീമുകളെ ബഹുദൂരം പിന്തള്ളി സ്വപ്ന കുതിപ്പ് നടത്തുന്ന മാർകോ സിൽവയുടെ ഫുൾഹാമിന്റെ കുതിപ്പിൽ നിർണായക പങ്ക് വഹിക്കുന്ന ഫാബിയോ കാർവാൽഹോയെ 7 മില്യൺ യൂറോ നൽകി ആവും ലിവർപൂൾ സ്വന്തമാക്കുക.

പോർച്ചുഗീസ് വേരുകൾ ആണ് ഉള്ളത് എങ്കിലും ഇംഗ്ലണ്ടിന് ആയി യൂത്ത് ടീമുകളിൽ ബൂട്ട് കെട്ടിയിട്ടുണ്ട് ഫാബിയോ. അറ്റാക്കിങ് മധ്യനിര താരമായും വിങർ ആയും തിളങ്ങുന്ന ഫാബിയോ ഭാവി സൂപ്പർ താരം ആയി ഇതിനകം പലരും വിശേഷിപ്പുക്കുന്ന താരം ആണ്. ടീമിൽ എത്തിച്ചാലും ഈ സീസണിൽ താരത്തെ ലോണിൽ ഫുൾഹാമിലേക്ക് തന്നെ ലിവർപൂൾ വിട്ട് നൽകും. ഈ സീസണിൽ 18 കളികളിൽ നിന്നു 7 ഗോളുകളും 4 അസിസ്റ്റുകളും സ്വന്തമായുള്ള 19 കാരനായ ഫാബിയോ ഫുൾഹാമിൽ തന്റെ കരാറിന്റെ അവസാന വർഷം ആണ് നിലവിൽ കളിക്കുന്നത്.