നെറ്റോക്ക് പിറകെ സെൽറ്റ വീഗൊ

ബാഴ്‌സയുടെ രണ്ടാം കീപ്പർ നെറ്റോയെ ടീമിൽ എത്തിക്കാൻ സെൽറ്റ വീഗൊയുടെ ശ്രമം.എന്നാൽ താരത്തിനെ എത്തിക്കാൻ വേണ്ടി പണം മുടക്കാൻ ടീം തയ്യാറാകില്ല എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ നൽകുന്ന സൂചന. ഒരു വർഷത്തെ മാത്രം കരാർ ബാഴ്‌സയിൽ ബാക്കിയുള്ള താരത്തിനെ എത്തിക്കാൻ വേണ്ടി തുക ഇറക്കുന്നത് നഷ്ടകച്ചവടമാകുമെന്ന് സെൽറ്റ കരുതുന്നു.

താരത്തെ ലോണിൽ എത്തിക്കാനും സെൽറ്റ വീഗൊ ശ്രമിച്ചേക്കും. തുടർന്ന് ബാഴ്‌സയുമായുള്ള കരാർ അവസാനിക്കുന്ന താരത്തെ സ്വന്തമാക്കാനും അവർക്ക് സാധിക്കും. എങ്കിലും നെറ്റോയെ പൂർണമായി ഒഴിവാക്കാൻ തന്നെയാണ് ബാഴ്‌സലോണ ആഗ്രഹിക്കുന്നത്.ഒരു പക്ഷെ ടീം വിടാനുള്ള സമ്മതം ബാഴ്‌സ നെറ്റോക്ക് നൽകിയേക്കും എന്നും സെൽറ്റ പ്രതീക്ഷിക്കുന്നുണ്ട്.

ടീം കീപ്പർ ആയിരുന്ന മത്തിയാസ് ഡിറ്റുറോ ലോൺ കാലാവധി കഴിഞ്ഞു സ്വന്തം ടീമായ യൂണിവേഴ്സിടാഡ് കത്തോലിക്കയിലേക്ക് മടങ്ങിയതോടെയാണ് പകരക്കാരെ തിരഞ്ഞു സെൽറ്റ വീഗൊ ഇറങ്ങിയത്. ബാഴ്‌സയിൽ രണ്ടാം കീപ്പർ ആയി കഴിഞ്ഞ മൂന്ന് സീസണുകളിൽ വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ എങ്കിലും മുൻപ് വലൻസിയക്കൊപ്പം ലാ ലീഗയിലും,കൂടാതെ യുവന്റസ് ഫ്‌യോറെന്റിന എന്നിവർക്കൊപ്പവും നേടിയ പരിചയസമ്പത്ത് ടീമിന് നേട്ടമാകുമെന്ന പ്രതീക്ഷയിൽ ആണ് സെൽറ്റ വീഗൊ.