പുതിയ സീസണായുള്ള ഒരുക്കത്തിന്റെ ഭാഗമായി ഒരു യുവതാരത്തെ ടീമിലെത്തിച്ച് ഈസ്റ്റ് ബംഗാൾ. നെരോക എഫ് സിയുടെ മിഡ്ഫീൽഡറായ നവോറം തൊണ്ടോംബ സിങാണ് ഈസ്റ്റ് ബംഗാളിൽ എത്തിയിരിക്കുന്നത്. 21കാരനായ മധ്യനിര താരത്തെ നാലു വർഷത്തെ കരാറിനാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയിരിക്കുന്നത്. ക്ലബിന്റെ യുവതാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ടീമൊരുക്കുന്നതിന്റെ ഭാഗമായാണ് തൊണ്ടോംബയെ ടീമിൽ എത്തിച്ചതെന്ന് ഈസ്റ്റ് ബംഗാൾ അറിയിച്ചു.
മണിപ്പൂർ സ്വദേശിയായ തൊണ്ടോബ ഷില്ലോങ്ങ് ലജോങ്ങ് അക്കാദമിയിലൂടെ വളർന്ന താരമാണ്. നെരോകയുടെ അണ്ടർ 18 ടീമിൽ കളിച്ച് കഴിവ് തെളിയിച്ചതിനു ശേഷമാണ് തൊണ്ടോബ നെരോക സീനിയർ ടീമിലേക്ക് എത്തിയത്. മധ്യനിരയിൽ നിന്ന് ഗോളവരസങ്ങൾ ഉണ്ടാക്കാനുള്ള കഴിവാണ് തൊണ്ടോബയുടെ പ്രത്യേകത. ഇതിനകം തന്നെ ജോബി ജസ്റ്റിനെ നഷ്ടപ്പെട്ട ഈസ്റ്റ് ബംഗാൾ ടീമിനെ ശക്തിപ്പെടുത്താനുള്ള പണിയിലാണ്.