സീരി എ ചാമ്പ്യന്മാരായ നാപോളിയുടെ മദ്യനിരക്ക് കരുത്തേകാൻ സ്പാനിഷ് പ്രതിഭ ഗബ്രി വെയ്ഗ എത്തി. കൈമാറ്റത്തിന് വേണ്ടി സെൽറ്റ വീഗോയും നാപോളിയും ധാരണയിൽ എത്തിയതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 30 മില്യൺ യൂറോ ആണ് ട്രാൻസ്ഫർ ഫീ. ആറു മില്യൺ യൂറോ ആഡ് ഓണുകളും ചേർത്തിട്ടുണ്ട്. നേരത്തെ താരത്തിന്റെ റിലീസ് ക്ലോസ് ആയ നാൽപത് മില്യൺ മുടക്കാൻ തയ്യാറാവാതിരുന്ന നാപോളിക്ക് കുറഞ്ഞ തുകക്ക് താരത്തെ എത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്.
മധ്യനിരയിൽ കളി മെനയാനും ഗോൾ കണ്ടെത്താനും ഒരുപോലെ മിടുക്കനായ താരം കഴിഞ്ഞ സീസണിൽ 11 ഗോളും നാല് അസിസ്റ്റും നേടി സെൽറ്റയെ ലാ ലീഗയിൽ തന്നെ പിടിച്ചു നിർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നു. ഏകദേശം ഒരു മാസത്തോളം നീണ്ട ചർച്ചകൾക്ക് ശേഷമാണ് നാപോളി ഇപ്പോൾ താരത്തെ സ്വന്തമാക്കുന്നത്. പോളിഷ് താരം സെലിൻസ്കി ടീം വിട്ടേക്കും എന്നതിനാൽ ഈ സ്ഥാനത്തേക്കാണ് വെയ്ഗയെ നാപോളി കാണുന്നത്. മാരിയോ റൂയി ടീമുമായി കരാർ പുതുക്കിയപ്പോഴും പുതിയ കരാറിന് വിസമ്മതിച്ചിരിക്കുന്ന സെലിൻസ്കി ഇത്തവണ തന്നെ ടീം വിട്ടേക്കും എന്നാണ് സൂചനകൾ. സൗദി ക്ലബ്ബുകൾ താരത്തിന് പിറകെ ഉണ്ട്. ഗബ്രി വെയ്ഗയെ എത്തിക്കാൻ സാധിച്ചതോടെ സെലിൻസ്കിയുടെ ട്രാൻസ്ഫറിൽ നാപോളി ശ്രദ്ധ ചെലുത്തിയേക്കും.