അർജന്റീനയുടെ റൈറ്റ് ബാക്കും ലോകകപ്പ് ജേതാവും ആയ ഗോൺസാലോ മോണ്ടിയേലിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് നോട്ടിങ്ഹാം ഫോറസ്റ്റ് സ്വന്തമാക്കി. സ്പാനിഷ് ക്ലബ് സെവിയ്യയിൽ നിന്നു 26 കാരനായ താരത്തെ നിലവിൽ ഈ സീസണിൽ ലോണിൽ ആണ് ഫോറസ്റ്റ് ടീമിൽ എത്തിച്ചത്. 11 മില്യൺ യൂറോ നൽകി താരത്തെ അടുത്ത സീസണിൽ സ്വന്തമാക്കാൻ ഫോറസ്റ്റിന് ആവും. 2021 ൽ അർജന്റീനയിലെ റിവർ പ്ലേറ്റിൽ നിന്നാണ് താരം സെവിയ്യയിൽ എത്തുന്നത്.
സെവിയ്യക്ക് ആയി 72 മത്സരങ്ങൾ കളിച്ച മോണ്ടിയേൽ അവർക്ക് ഒപ്പം യൂറോപ്പ ലീഗ് ജയത്തിലും ഭാഗമായി. 2019 ൽ അർജന്റീനക്ക് ആയി അരങ്ങേറ്റം കുറിച്ച മോണ്ടിയേൽ രാജ്യത്തിനു ആയി 23 കളികൾ ആണ് കളിച്ചത്. അർജന്റീനയുടെ കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് വിജയങ്ങളിലും ഭാഗം ആയ താരം ആയിരുന്നു ലോകകപ്പ് ഫൈനലിൽ അർജന്റീനയുടെ കിരീടം ഉറപ്പിച്ച അവസാനത്തെ പെനാൽട്ടി ലക്ഷ്യം കണ്ടത്. താരത്തിന്റെ വരവ് ഫോറസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫോറസ്റ്റിൽ 29 നമ്പർ ജേഴ്‌സി ആവും താരം അണിയുക.