മോയിസെ കീൻ പി എസ് ജിയിൽ സ്ഥിര കരാർ ഒപ്പുവെക്കും

ഇറ്റാലിയൻ യുവ സ്ട്രൈക്കർ മോയിസെ കീനെ പി എസ് ജി സ്ഥിര കരാറിൽ വാങ്ങാൻ സാധ്യത. താരം ഇപ്പോൾ പി എസ് ജിയിൽ ലോൺ അടിസ്ഥാനത്തിൽ ആണ് കളിക്കുന്നത്. എവർട്ടണിൽ നിന്ന് ഒരു വർഷത്തെ ലോൺ കരാറിലായിരുന്നു താരം എത്തിയത്. ഇതുവരെ പി എസ് ജിയിൽ മികച്ച പ്രകടനം നടത്താൻ താരത്തിനായി. ഇതാണ് സ്ഥിര കരാർ നൽകി താരത്തെ വാങ്ങാൻ പി എസ് ജി ആലോചിക്കാനുള്ള കാരണം.

31 മില്യണോളം ആണ് എവർട്ടൺ കീനിനു വേണ്ടി ആവശ്യപ്പെടുന്നത്. അത് പി എസ് ജി നൽകാൻ തയ്യാറായാൽ ഉടൻ തന്നെ ഈ നീക്കം ഔദ്യോഗികമാകും. യുവന്റസിൽ നിന്ന് എവർട്ടണിൽ വൻ തുകയ്ക്ക് എത്തിയ താരത്തിന് പ്രീമിയർ ലീഗിൽ തിളങ്ങാൻ ആവാത്തതിനാൽ ആണ് ഫ്രാൻസിലേക്ക് വന്നത്. യുവന്റസിനായി അരങ്ങേറ്റ സീസണിൽ കീൻ തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു. യുവന്റസ് വിട്ടതിനു ശേഷം ഈ സീസണിലാണ് കീൻ ഫോമിലേക്ക് ഉയരുന്നത്‌.