മെക്‌സിക്കൻ ലീഗിൽ നിന്നും ഓഫർ, ഡാനി ആൽവസ് പ്യൂമാസിൽ എത്തിയേക്കും

Nihal Basheer

20220721 170254

ബാഴ്‌സലോണയിലേക്കുള്ള രണ്ടാം വരവിന് ശേഷം പുതിയ ടീം തേടുന്ന ഡാനി ആൽവസിനായി മെക്‌സിക്കോയിൽ നിന്നും ആവശ്യക്കാർ. മെക്സിക്കൻ ക്ലബ്ബ് ആയ ക്ലബ്ബ് യൂണിവേഴ്സിദാദ്‌ നാഷ്യോണാൽ അഥവാ “പ്യൂമാസ്” ആണ് ബ്രസീലിയൻ താരത്തെ സമീപിച്ചിട്ടുള്ളത്. താരം മെക്‌സിക്കാൻ ക്ലബ്ബുമായി ഉടൻ തന്നെ കരാറിൽ എത്തിയെക്കുമെന്ന് മുണ്ടോ ഡിപോർടിവോ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ ബാഴ്‌സലോണ കരാർ നീട്ടി കൊടുക്കാതെ ഇരുന്നതോടെ ഡാനി ആൽവസ് പുതിയ തട്ടകം തേടുകയായിരുന്നു. ഉടനെ വിരമിക്കാൻ ഉദ്ദേശമില്ലെന്ന് ഡാനി പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്. സാവോ പോളോയിൽ നിന്നും കരാർ പൂർത്തിയായ ശേഷമാണ് താരം ബാഴ്‌സയിൽ എത്തിയത്.

സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി ബാഴ്‌സലോണ സംഘടിപ്പിക്കാറുള്ള ജോവൻ ഗാമ്പർ ട്രോഫിയിൽ ഇത്തവണ പുരുഷ ടീമിനെ നേരിടാൻ പോകുന്ന ടീമാണ് പ്യൂമാസ്. ടീമുമായി കരാറിൽ എത്തിയാൽ ഒരിക്കൽ കൂടി ക്യാമ്പ്ന്യൂവിന്റെ മുറ്റത്തേക്ക് തിരിച്ചു വരാൻ ഡാനിക്ക് അവസരം ഒരുങ്ങും.