കിലിയൻ എംബപ്പെ താൻ പി എസ് ജിയിൽ കരാർ പുതുക്കില്ല എന്ന് അറിയിച്ചതോടെ ഫ്രാൻസിലേക്ക് ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ പോവുകയാണ്. എംബപ്പെ കരാർ പുതുക്കില്ല എങ്കിൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ പി എസ് ജി എംബപ്പെയെ വിൽക്കും എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. എംബപ്പെ താൻ കരാർ പുതുക്കില്ല എന്ന് ഇപ്പോൾ അറിയിച്ചത് പി എസ് ജി ഉടമകളെ രോഷാകുലരാക്കിയിട്ടുണ്ട്. അവർ എംബപ്പയെ ഫ്രീ ആയി അടുത്ത വർഷം ക്ലബ് വിടാൻ അനുവദിക്കാൻ പദ്ധയിടുന്നില്ല.
2024വരെയാണ് ഇപ്പോൾ എംബപ്പെക്ക് പി എസ് ജിക്ക് കരാർ ഉള്ളത്. എംബപ്പെക്ക് വേണം എങ്കിൽ 2025വരെ കരാർ നീട്ടാം. എന്നാൽ എംബപ്പെ അങ്ങനെ പുതുക്കില്ല. ഇതോടെ പി എസ് ജിക്ക് താരത്തെ നഷ്ടപ്പെട്ടേക്കാം എന്ന അവസ്ഥയിൽ ആയിരിക്കുക ആണ്.
റയൽ മാഡ്രിഡ് നേരത്തെ എംബപ്പെക്ക് ആയി ശ്രമിച്ചിരുന്നു. ഇപ്പോൾ ബെൻസീമ റയൽ വിട്ടതു കൊണ്ട് എംബപ്പെയെ ടീമിൽ എത്തിക്കാൻ റയൽ ഈ സമ്മറിൽ തന്നെ ശ്രമിച്ചാലും അത്ഭുതമില്ല. എന്നാൽ റയൽ ഇതുവരെ എംബപ്പക്ക് ആയി രംഗത്ത് വന്നിട്ടില്ല. പ്രീമിയർ ലീഗിൽ നിന്ന് ക്ലബുകൾ എംബപ്പെയെ നോട്ടമിട്ടുണ്ട്. ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവർ എംബപ്പെയെ സമീപിക്കാൻ സാധ്യതയുണ്ട്.