ചെൽസി മധ്യനിര താരമായ മാറ്റെയോ കൊവാചിച് മാഞ്ചസ്റ്റർ സിറ്റിയുടെ താരമായി. പ്രീമിയർ ലീഗ് ചാമ്പ്യന്മാർ കൊവാചിചിന്റെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചെൽസിക്ക് 25 മില്യൺ ട്രാൻസ്ഫർ തുകയായും പിന്നെ 6 മില്യണോളം ആഡ് ഓൺ ആയും സിറ്റി നൽകും.
സിറ്റിയിൽ ചേരുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും മാനേജർ പെപ് ഗാർഡിയോളയുടെ മാർഗനിർദേശപ്രകാരം തനിക്ക് തന്റെ കരിയർ വികസിപ്പിക്കാൻ ആകും എന്നും കൊവാചിച് പറഞ്ഞു. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ടീമിലേക്കാണ് താൻ ചേരുന്നതെന്ന് വിശ്വസിക്കുന്നതായും കോവാചിച് പറഞ്ഞു.
29-കാരൻ ചെൽസിയിൽ അഞ്ച് സീസണുകളിലായി 221 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, ഫിഫ ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവ നേടി, കൂടാതെ 2019/20 ലെ ക്ലബ്ബിന്റെ പ്ലെയർ ഓഫ് ദ ഇയർ അവാർഡും നേടി.
ക്രൊയേഷ്യക്കായി ഇതുവരെ 95 മത്സരങ്ങൾ കളിച്ചിട്ടുഅ അദ്ദേഹം 2018 ലോകകപ്പ് ഫൈനലിലെത്തുകയും കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ടൂർണമെന്റിൽ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്ത തന്റെ രാജ്യത്തിന്റെ ടീമിന്റെ പ്രധാന ഭാഗമായിരുന്നു.