കൊളംബിയൻ മുന്നേറ്റ താരം ലൂയിസ് സുവാരസിനെ ഒളിമ്പിക് മാഴ്സെ ടീമിൽ എത്തിച്ചു. താരം ടീം വിട്ടതായി ഗ്രാനഡ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. കരാർ ഒപ്പിടാനും വൈദ്യപരിശോധനകൾക്കും വേണ്ടി താരം മാഴ്സെയിലേക്ക് തിരിച്ചിട്ടുണ്ട്. ഏകദേശം പത്ത് മില്യൺ യൂറോയോളമാണ് കരാർ തുക എന്നാണ് സൂചനകൾ. കരാർ നടപടികൾ പൂർത്തിയാക്കിയ ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.
ഗ്രാനഡയുടെ തന്നെ ബി ടീം അംഗമായിരുന്ന മുന്നേറ്റ താരം 2017ൽ വാട്ഫോർഡിലേക്ക് ചേക്കേറുകയായിരുന്നു. എങ്കിലും ഇംഗ്ലീഷ് ടീം താരത്തെ അടുത്ത മൂന്ന് സീസണുകളിലേക്ക് ലോണിൽ അയച്ചു. 2019-20 ലെ റയൽ സരോഗോസ കാലത്തെ പ്രകടനം സുവരസിനെ വീണ്ടും ഗ്രാനഡയുടെ ശ്രദ്ധയിൽ കൊണ്ടു വന്നു. ലാ ലീഗ രണ്ടാം ഡിവിഷനിൽ ആ സീസണിൽ ടീമിന് വേണ്ടി 19 ഗോളുകളാണ് താരം നേടിയത്. ഇതോടെ താരത്തെ ഗ്രാനഡ വാട്ഫോർഡിൽ നിന്നും തിരിച്ചെത്തിക്കുകയായിരുന്നു. ഗ്രാനഡക്ക് വേണ്ടി അവസാന സീസണിൽ ലീഗിൽ ആറു ഗോളുകൾ നേടി. എങ്കിലും ടീം രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ന്നതോടെ ടീം വിടാൻ താരം തീരുമാനിക്കുകയായിരുന്നു.
ലാ ലീഗയിൽ നിന്നും രണ്ടാം ഡിവിഷനിലേക്ക് എത്തിയ ശേഷം ഗ്രാനഡക്ക് നഷ്ടമാവുന്ന മറ്റൊരു പ്രമുഖ താരമാണ് സുവാരസ്. നേരത്തെ കീപ്പർ മാക്സിമിയാനോയെ ലാസിയോയിലേക്ക് നഷ്ടമായിരുന്നു.