വിജയവും ഗോളടിയും തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

Img 20220719 173653

പ്രീസീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം തുടരുന്നു. ഇന്ന് ഓസ്ട്രേലിയയിൽ വെച്ച് ക്രിസ്റ്റൽ പാലസിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് നേടിയത്. ടെൻ ഹാഗ് എത്തിയത് മുതൽ യുണൈറ്റഡ് കളിച്ച അറ്റാക്കിംഗ് ഫുട്ബോൾ തന്നെയാണ് ഇന്നും കണ്ടത്. ഇന്ന് മത്സരത്തിന്റെ 17ആം മിനുട്ടിൽ മാർഷ്യൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഗോൾ നൽകിയത്.

ഇടതു വിങ്ങിൽ നിന്ന് മലാസിയ നൽകിയ ക്രോസ് ഗംഭീര ഫസ്റ്റ് ടച്ചിലൂടെ കൈക്കലാക്കിയ ഡിയോഗോ ഡാലോട്ട് പന്ത് മാർഷ്യലിന് നൽകി. മാർഷ്യൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾ നേടുകയും ചെയ്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം ഗോൾ നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ പ്രീസീസൺ ടൂറിലെ തന്നെ ഏറ്റവും മികച്ച ഗോളായിരുന്നു ഇത്. സാഞ്ചോയും മാർഷ്യലും വാൻഡെബീകും ചേർന്ന് നടത്തിയ നീക്കം അവസാനം റാഷ്ഫോർഡ് വലയിൽ എത്തിച്ചു. തീർത്തും ഒരു ടീം ഗോളായിരുന്നു ഇത്.
20220719 172742
59ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം ഗോൾ കണ്ടെത്തി. ഇത്തവണ മാർഷ്യലിന്റെ ഫസ്റ്റ് ടച്ച് പാസിൽ ഓഫ്സൈഡ് ട്രാപ്പ് മറികടന്ന് കുതിച്ച സാഞ്ചോ ആണ് ഗോൾ നേടിയത്‌. 3 ഗോളിന്റെ ലീഡ് ആയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരങ്ങളെ കളത്തിൽ എത്തിച്ചു. 74ആം മിനുട്ടിൽ വാർഡ് ആണ് പാലസിന്റെ ആശ്വാസ ഗോൾ നേടിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്ന് പ്രീസീസൺ മത്സരങ്ങളിൽ നിന്നായി 11 ഗോളുകൾ അടിച്ചു കഴിഞ്ഞു.