ബാഴ്‌സയുടെ സ്വപ്നങ്ങൾ കെടുത്തിയ ഗ്രീക്ക് ദൈവം, മനോലാസ് ഷാർജ എഫ്സിയിലേക്ക്

Nihal Basheer

20220922 190338

ബാഴ്‌സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ഗോളിലൂടെ റോമക്കൊപ്പം ഫുട്ബോൾ ആരാധകർക്ക് മറക്കാനാവാത്ത നിമിഷം സമ്മാനിച്ച കോസ്റ്റാച്ച് മനോലാസ് യൂറോപ്യൻ ഫുട്ബോൾ വിടുന്നു. താരത്തിന്റെ നിലവിലെ ടീമായ ഒളിമ്പിയാകോസും യുഎഇ പ്രോലീഗ് ടീമായ ഷാർജ എഫ്സിയും തമ്മിൽ നേരത്തെ ധാരണയിൽ എത്തിയിരുന്നു. മനോലാസ് ഷാർജ എഫ്സിയുമായി കരാറിൽ ഒപ്പിട്ടതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു. രണ്ടു വർഷത്തേക്കാവും കരാർ. ഇതിൽ ഒരു വർഷത്തേക്ക് കൂടി അധികരിപ്പിക്കാനുള്ള സാധ്യതയും ഉണ്ടാവും.

മുൻപ് എഎസ് റോമ, നാപോളി ടീമുകൾക്കും വേണ്ടി താരം ബൂട്ട് കെട്ടിയിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ ആണ് നാപോളി വിട്ട് ഒളിമ്പിയാകോസിൽ എത്തുന്നത്. നിലവിൽ യുഎഇ പ്രോ ലീഗിൽ ഒന്നാം സ്ഥാനക്കാർ ആയ ഷാർജ എഫ്സിക്ക് അടുത്തിടെ യൂറോപ്യൻ ഫുട്ബോളിൽ നിന്നും താരങ്ങളെ ടീമിലേക്ക് എത്തിക്കാൻ കഴിഞ്ഞിരുന്നു. മുൻ ബാഴ്‌സലോണ താരങ്ങൾ ആയ പ്യാനിച്ച്, പാകോ അൽകാസർ എന്നിവർ നിലവിൽ ഷാർജ എഫ്സിക്ക് വേണ്ടിയാണ് പന്ത് തട്ടുന്നത്.