ലോൺ കാലാവധി അവസാനിച്ചതിന് ശേഷം ക്ലബ് തങ്ങളുടെ സ്റ്റാർ സ്‌ട്രൈക്കറായ റൊമേലു ലുക്കാക്കുവിനെ ചെൽസിയിലേക്ക് തിരിച്ചയക്കുമെന്ന് ഇന്റർ മിലാൻ സിഇഒ ഗ്യൂസെപ്പെ മറോട്ട അറിയിച്ചു. ചെൽസിയിൽ നിന്ന് ലോണിൽ ഇന്ററിലേക്ക് മടങ്ങിയതിന് ശേഷം ഫോമിലും ഫിറ്റ്‌നസിലും ലുക്കാക്കു ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് തീരുമാനം.
സീസൺ അവസാനത്തോടെ ലുക്കാക്കു ചെൽസിയിലേക്ക് മടങ്ങിയെത്തുന്ന തരത്തിലാണ് വായ്പാ ഇടപാട് ക്രമീകരിച്ചിരിക്കുന്നതെന്നും ട്രാൻസ്ഫർ സ്ഥിരമാക്കാൻ ഇന്ററിന് ഇപ്പ പദ്ധതിയില്ലെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മറോട്ട വെളിപ്പെടുത്തി. സീസൺ അവസാനിച്ച ശേഷമെ ഈ കാര്യത്തിൽ തീരുമാനം എടുക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ലുക്കാക്കുവിന് സ്ഥിതി ഇപ്പോൾ നല്ലതല്ല. അദ്ദേഹത്തിന് പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാൻ ആയിട്ടില്ല. അങ്ങനെ ആയാലെ ലുകാകുവിനെ യഥാർത്ഥ ഫോമിൽ ഞങ്ങൾക്ക് കാണാൻ ആകൂ. മറോട്ട പറഞ്ഞു.
ലുക്കാക്കുവിന്റെ ക്ലബിലേക്കുള്ള തിരിച്ചുവരവ് സീരി എ കിരീടം വീണ്ടെടുക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇന്റർ ആരാധകർക്ക് ഇതുവരെ ലുകാകു നിരാശയാണ് നൽകിയത്. 2021 വേനൽക്കാലത്ത് 97.5 മില്യൺ പൗണ്ട് എന്ന ക്ലബ്ബ് റെക്കോർഡ് ഫീസിന് ഇന്ററിൽ നിന്ന് ചെൽസിയിൽ ചേർന്ന ലുക്കാക്കു ചെൽസിയിലും തിളങ്ങിയിരുന്നില്ല.