റൊമേലു ലുകാലുവിന്റെ ഭാവിയിൽ തീരുമാനം ആകാത്തതിനാൽ താരം അടുത്ത ആഴ്ച ചെൽസിക്ക് ഒപ്പം പരിശീലനം ആരംഭിക്കും. ചെൽസിക്ക് ഒപ്പം പ്രീസീസൺ യാത്ര ചെയ്യാൻ ലുകാകു ആഗ്രഹിക്കുന്നില്ല. താരം ഇന്റർ മിലാനിലേക്ക് മറങ്ങി പോകാൻ കഴിയും എന്ന പ്രതീക്ഷയിലാണ്. ഇന്റർ മിലാൻ പുതിയ ബിഡുമായി ചെൽസിയെ ഉടൻ സമീപിച്ചേക്കാം.
തന്റെ പഴയ ഫോമിലേക്ക് മടങ്ങി എത്തിയ ബെൽജിയൻ സ്ട്രൈക്കർ ലുകാകുവിനെ ടീമിൽ നിലനിർത്താൻ ആണ് ഇന്റർ മിലാൻ ആഗ്രഹിക്കുന്നത്. ഇന്റർ ലുകാകുവിനെ വീണ്ടും ലോണിൽ ആവശ്യപ്പെട്ടു കൊണ്ട് ചെൽസിയുമായി ചർച്ചകൾ ആരംഭിച്ചിരുന്നു. എന്നാൽ താരത്തെ വിൽക്കാൻ ആണ് ചെൽസി ആഗ്രഹിക്കുന്നത്.
ഫിറ്റ്നസ് വീണ്ടെടുത്ത ലുകാകു കഴിഞ്ഞ സീസൺ അവസാനം പഴയ ഫോമിലേക്ക് തിരികെയെത്തിയിരുന്നു. ഇന്റർ മിലാനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിലും ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതിലും പ്രധാന പങ്കുവഹിക്കാൻ ലുകാകുവിനായി.
1949 മിനുട്ടുകൾ മാത്രം കളിച്ച ലുകാകു 9 ഗോളും 5 അസിസ്റ്റും സീരി എയിൽ ഇന്ററിനായി കഴിഞ്ഞ സീസണിൽ നൽകി. താരത്തെ വാങ്ങാൻ ഇന്റർ ആഹ്രഹിക്കുന്നു എങ്കിൽ ഒരു വൻ തുക തന്നെ അവർ ചെൽസിക്ക് നൽകേണ്ടി വരും. പക്ഷെ ഇന്ററിന്റെ സാമ്പത്തിക സ്ഥിതി ഇപ്പോൾ അതിന് അനുവദിക്കുന്നില്ല. അതാണ് അവർ ലോണിന് പ്രാധാന്യം കൊടുക്കുന്നത്.
2021 വേനൽക്കാലത്ത് 97.5 മില്യൺ പൗണ്ട് എന്ന ക്ലബ്ബ് റെക്കോർഡ് ഫീസിന് ഇന്ററിൽ നിന്ന് ആയിരുന്നു ലുകാകു ചെൽസിയിലേക്ക് എത്തിയത്. എന്നാൽ ലുക്കാക്കു ചെൽസിയിൽ തിളങ്ങിയിരുന്നില്ല. പുതിയ പരിശീലകൻ പോചറ്റീനോയും ലുകാകുവിനെ നിലനിർത്താൻ ആഗ്രഹിക്കുന്നില്ല.