ചെൽസിയിൽ ആഴ്സണലിന്റെ സ്‌ട്രൈക്, ഡേവിഡ് ലൂയിസ് ഇനി ഗണ്ണർ

- Advertisement -

ഈ ട്രാൻസ്ഫർ വിൻഡോയിലെ അപ്രതീക്ഷിത നീക്കത്തിൽ ലണ്ടനിലെ ശത്രുക്കളായ ചെൽസിയിൽ ആക്രമണം നടത്തി ആഴ്സണൽ. ചെൽസിയുടെ സീനിയർ താരവും ചെൽസി ഡ്രസിങ് റൂമിലെ നിർണായക ഘടകവുമായിരുന്ന ഡേവിഡ് ലൂയിസിനെ ആഴ്സണൽ സ്വന്തമാക്കി. ചെൽസിയുമായി 2021 വരെ കരാർ ഉണ്ടായിരുന്ന ലൂയിസ് അപ്രതീക്ഷിതമായാണ് ആഴ്സണലിലേക് പോകാൻ തീരുമാനിച്ചത്. 8 മില്യൺ പൗണ്ട് ആണ് താരത്തെ വിട്ട് തരാൻ ആഴ്സണൽ ചെൽസിക്ക് നൽകിയത്.

ഫ്രാങ്ക് ലംപാർഡ് പരിശീലകൻ ആയി വന്നതോടെയാണ് ലൂയിസ് ചെൽസി വിടാൻ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ലംപാർഡിന്റെ ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പില്ല എന്നറിഞ്ഞ ലൂയിസ് സ്റ്റാംഫോഡ് ബ്രിഡ്ജ് വിടാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ പേരിൽ ചെൽസി പരിശീലക സംഘവുമായി താരം ഉടക്കിയതോടെ താരത്തെ വിൽക്കാൻ ലംപാർഡ് സമ്മതം അറിയിക്കുകയായിരുന്നു. ചെൽസി ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരം ആയിരുന്നെങ്കിലും ലണ്ടനിലെ ശത്രു പാളയത്തിലേക്ക് ക്ലബ്ബിന് ട്രാൻസ്ഫർ ബാൻ ഉള്ള സീസണിൽ തന്നെ മാറിയതോടെ ചെൽസി ആരാധകരുടെ കടുത്ത പ്രതിഷേധം താരം നേരിടേണ്ടി വരും എന്ന് ഉറപ്പാണ്.

2016 ൽ കൊണ്ടേ ചെൽസി പരിശീലകൻ ആയതിന് പിന്നാലെയാണ്‌ താരം പി എസ് ജി യിൽ നിന്ന് ചെൽസിയിലേക്ക് മടങ്ങി എത്തുന്നത്. അതിന് മുൻപേ 2010 മുതൽ 2014 വരെയും താരം ചെൽസിക്ക് വേണ്ടി കളിച്ചു. 2 ഘട്ടത്തിലുമായി ചെൽസികൊപ്പം ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, പ്രീമിയർ ലീഗ്, എഫ് എ കപ്പ് കിരീടങ്ങൾ താരം നേടിയിട്ടുണ്ട്.

Advertisement