ലോറൻസോ ലുക്ക അയാക്സിലേക്ക്, ടീമിന്റെ ആദ്യ ഇറ്റാലിയൻ താരം

Nihal Basheer

20220729 214308

ഇറ്റാലിയൻ സീരി ബിയിൽ നിന്നും ഒരു താരത്തെ ടീമിൽ എത്തിച്ച് ഡച്ച് വമ്പന്മാരായ അയാക്‌സ്. ഇറ്റാലിയൻ തരം ലോറൻസോ ലുക്കയെയാണ് അയാക്സ് തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കുന്നത്. സീരി ബി ടീമായ പിസയിൽ നിന്നാണ് താരം ഒരു വർഷത്തെ ലോണിൽ ആംസ്റ്റർഡാമിലേക്ക് ചേക്കേറുന്നത്. ഒരു മില്യൺ യൂറോയുടെ ലോൺ ഫീ പിസക്ക് നൽകുന്നതിന് പുറമെ സീസണിന്റെ അവസാനം പത്ത് മില്യൺ യൂറോ നൽകി ഇരുപത്തിയൊന്നുകാരനെ സ്വന്തമാക്കാനും അയാക്സിന് സാധിക്കും. അയാക്സിൽ എത്തുന്ന ആദ്യത്തെ ഇറ്റാലിയൻ താരമെന്ന പദവിയും ലുക്ക നേടും.

സെബാസ്റ്റ്യൻ ഹാളർ ടീം വിട്ടത്തിന് പിറകെയാണ് മറ്റൊരു ഉയരക്കാരനായ മുന്നേറ്റ താരത്തെ അയാക്‌സ് ടീമിലേക്ക് എത്തിക്കുന്നത്. ഹാളർ ആറടി മൂന്നിഞ്ച്കാരനായിരുന്നെങ്കിൽ ഇറ്റാലിയൻ താരം ആറടി ഏഴിഞ്ച് ഉയരമുണ്ട്. പിസക്ക് വേണ്ടി അവസാന സീസണിൽ പതിനേഴ് ലീഗ് മത്സരങ്ങളിൽ ഇറങ്ങി. ആറു ഗോളുകളും സ്വന്തം പേരിൽ ചേർക്കാൻ സാധിച്ചു. ഇറ്റലിയിൽ നിന്നു തന്നെ സസ്സുളോ, ബോലോഗ്ന തുടങ്ങിയ ടീമുകളും താരത്തിന് പിറകെ ഉണ്ടായിരുന്നു. ഇറ്റലിയുടെ അണ്ടർ 21 ദേശിയ ടീമിന്റെ ജേഴ്‌സിയും താരം അണിഞ്ഞിട്ടുണ്ട്.