മോയിസസ് കൈസെദോ, റോമിയോ ലാവിയ തുടങ്ങിയ താരങ്ങൾക്ക് ആയുള്ള തങ്ങളുടെ ശ്രമങ്ങൾ പരാജയപ്പെട്ട ലിവർപൂൾ ജപ്പാനീസ് മധ്യനിര താരം വടാരു എന്റോക്ക് ആയി ബിഡ് സമർപ്പിച്ചു. ജർമ്മൻ ബുണ്ടസ് ലീഗ ക്ലബ് സ്റ്റുഗാർട്ട് ക്യാപ്റ്റൻ ആയ 30 കാരനുമായി ലിവർപൂൾ ചർച്ചകൾ നടത്തുകയാണ് ഇപ്പോൾ. നിലവിൽ ലിവർപൂളിൽ ചേരാൻ താൽപ്പര്യമുള്ള താരത്തിന് മെഡിക്കലിന് ആയി ലിവർപൂളിൽ പോവാൻ ജർമ്മൻ ക്ലബ് അനുമതി നൽകിയത് ആയും റിപ്പോർട്ട് ഉണ്ട്.
ജപ്പാൻ ദേശീയ ടീമിന്റെയും സ്റ്റുഗാർട്ടിന്റെയും ക്യാപ്റ്റൻ ആയ എന്റോ പ്രതിരോധത്തിലും കളിക്കാൻ സാധിക്കുന്ന താരമാണ്. 2019 മുതൽ സ്റ്റുഗാർട്ട് താരമായ എന്റോ ബുണ്ടസ് ലീഗയിലെ തന്നെ മികച്ച മധ്യനിര താരങ്ങളിൽ ഒരാൾ ആണ്. ജപ്പാൻ ദേശീയ ടീമിന് ആയി 50 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ എന്റോ കഴിഞ്ഞ ലോകകപ്പിൽ ജർമ്മനിയെ അടക്കം അട്ടിമറിച്ച ടീമിന് ഒപ്പം മികച്ച പ്രകടനം ആണ് നടത്തിയത്. മധ്യനിരയിൽ എങ്ങനെയും താരങ്ങളെ എത്തിക്കാൻ ഒരുങ്ങുന്ന ലിവർപൂളിൽ നിന്നുള്ള അപ്രതീക്ഷിത നീക്കം തന്നെയായി ഇത്.