ലില്ലയ്ക്ക് കിരീടം നേടിക്കൊടുത്ത യുവതാരം സൗമരെ ഇനി ലെസ്റ്റർ സിറ്റിയിൽ

ഫ്രഞ്ച് യുവമധ്യനിര താരം ബൗബകരി സൗമരെ ഇനി ലെസ്റ്റർ സിറ്റിയിക്കായി കളിക്കും. താരവും ലെസ്റ്ററും തമ്മിൽ കരാർ ഒപ്പുവെച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമെ ബാക്കിയുള്ളൂ. ഫെബ്രുവരിയിൽ തന്നെ ലെസ്റ്ററും സൗമരെയും തമ്മിൽ കരാർ ധാരണയിൽ എത്തിയിരുന്നു. താരത്തെ വിട്ടു നൽകാനായി ലില്ലയ്ക്ക് 30 മില്യൺ ആണ് ലെസ്റ്റർ നൽകുന്നത്.

2026 വരെയുള്ള കരാർ ആണ് താരത്തിന് ലെസ്റ്ററിൽ ഉണ്ടാവുക. 22കാരനായ താരം ഉടൻ ഫ്രഞ്ച് ദേശീയ ടീമിനായി അരങ്ങേറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സീസണിൽ ഫ്രഞ്ച് കിരീടം നേടി നിൽക്കുന്ന ലില്ലയുടെ ഏറ്റവും മികച്ച താരവും സൗമരെ ആയിരുന്നു. പി എസ് ജി യുവ ടീമിലൂടെ വളർന്നു വന്ന താരമാണ് സൗമരെ. 2017ൽ ആയിരുന്നു ലില്ലെയിൽ താരം എത്തിയത്.