ക്ലെമെന്റ് ലെങ്ലെ ടോട്ടനത്തിലേക്ക് അടുക്കുന്നു

Nihal Basheer

20220630 123328

ബാഴ്‌സയുടെ ഫ്രഞ്ച് സെന്റർ ബാക് ക്ലമന്റ് ലെങ്ലെക്ക് വേണ്ടിയുള്ള ടോട്ടനത്തിന്റെ ശ്രമങ്ങൾ പുരോഗമിക്കുന്നു. താരത്തെ ലോണടിസ്ഥാനത്തിൽ എത്തിക്കാൻ ആണ് സ്പർസിന്റെ ശ്രമം. കോന്റെയുടെ കീഴിൽ പുതിയ തലങ്ങൾ തേടുന്ന സ്‌പഴ്സിന്റെ ഒരു ഇടങ്കാലൻ സെന്റർ ബാക്കിനായുള്ള അന്വേഷണമാണ് മുൻ സെവിയ്യ താരത്തിൽ എത്തിയത്.

താരങ്ങളുടെ ഉയർന്ന ശമ്പളം വലിയ തലവേദന ആയിരിക്കുന്ന ബാഴ്‌സക്ക് ഫ്രഞ്ച് താരത്തിന് വേണ്ടിയുള്ള ടോട്ടനത്തിന്റെ നീക്കം ചെറിയ ആശ്വാസമേകും. സാലറി വിഷയത്തിൽ ഇരു ക്ലബ്ബുകളും ചർച്ചകൾ തുടരും. ലോകക്കപ്പിന് മുന്നോടിയായി കൂടുതൽ അവസരങ്ങൾ തേടുന്ന ഫ്രഞ്ച് താരവും ടീമുകൾ തമ്മിലുള്ള ചർച്ചകൾ അവസാനിക്കാൻ കാത്തിരിക്കുകയാണ്.

ഒരിടക്ക് ലാ ലീഗയിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായി കണക്കാക്കിയിരുന്ന ലെങ്ലെക്ക് അവസാന സീസണുകളിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ച്ച വെക്കാൻ ആയിരുന്നില്ല. 2021-22 സീസണിൽ ആകെ ഇരുപത്തിയൊന്ന് ലീഗ് മത്സരങ്ങളിൽ മാത്രമാണ് ടീമിനായി ഇറങ്ങിയത്. പുതുതായി ക്രിസ്റ്റൻസണെ ബാഴ്‌സ ടീമിൽ എത്തിച്ചതോടെ തനിക്ക് വീണ്ടും അവസരങ്ങൾ കുറയുമെന്നും ലെങ്ലെ മനസിലാക്കുന്നു.

എവർടണിൽ നിന്നും റിച്ചാർലിസണെ എത്തിക്കാനുള്ള ശ്രമങ്ങളും ടോട്ടനം തുടരുകയാണ്. ഉടൻ തന്നെ ഇരു കൈമാറ്റങ്ങളും പൂർത്തിയാക്കാൻ കഴിയുമെന്ന് ടോട്ടനം കരുതുന്നു.