ട്രാൻസ്ഫർ റെക്കോർഡ് തകർത്ത് ലെസ്റ്റർ, ബെൽജിയം താരത്തെ സ്വന്തമാക്കി

na

പുതിയ സീസണിന് ഒരുങ്ങുന്ന ലെസ്റ്റർ സിറ്റി നിർണായക സൈനിംഗ് പൂർത്തിയാക്കി. കഴിഞ്ഞ സീസണിൽ ക്ലബ്ബിൽ ലോണിൽ കളിച്ചു മികച്ച പ്രകടനം നടത്തിയ യൗരി ടീലെമാൻസിനെ അവർ മൊണാക്കോയിൽ നിന്ന് സ്ഥിരം കരാറിൽ ടീമിൽ എത്തിച്ചു. 22 വയസുകാരനായ താരം 4 വർഷത്തെ കരാറാണ് മുൻ പ്രീമിയർ ലീഗ് ചാംപ്യന്മാർക്കൊപ്പം ഒപ്പിട്ടിരിക്കുന്നത്. ക്ലബ്ബ് റെക്കോർഡ് തുകയായ 45 മില്യൺ യൂറോയാണ് ലെസ്റ്റർ മോണകോക്ക് നൽകിയിരിക്കുന്നത്.

2018-2019 സീസണിന്റെ രണ്ടാം പകുതി ലെസ്റ്ററിൽ ലോണിൽ കളിച്ച താരം 13 മത്സരങ്ങളിൽ നിന്ന് 3 ഗോളുകളും 4 അസിസ്റ്റുകളും നേടി. ബെൽജിയൻ ദേശീയ ടീം അംഗം കൂടിയായ താരം അവർക്കൊപ്പം 2018 ലോകകപ്പും കളിച്ചു. ഈ ട്രാൻസ്ഫർ വിൻഡോയിൽ ലെസ്റ്ററിൽ എത്തുന്ന മൂന്നാമത്തെ കളിക്കാരനാണ് ടീലെമാൻസ്. നേരത്തെ അയേസോ പെരസ്, ജെയിംസ് ജസ്റ്റിൻ എന്നിവരും ലെസ്റ്ററിൽ എത്തിയിരുന്നു.