ഡച്ച് ക്ലബ് അയാക്സ് വിങർ മുഹമ്മദ് കുദൂസ് വെസ്റ്റ് ഹാമിലേക്ക് അടുക്കുന്നു. താരത്തിന്റെ കരാർ കാര്യത്തിൽ ഇരു ക്ലബുകളും തമ്മിൽ ഏകദേശ ധാരണയിൽ എത്തുന്നത് ആയി ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഒർസ്റ്റെയിൻ റിപ്പോർട്ട് ചെയ്യുന്നു. 23 കാരനായ താരത്തിന് ആയുള്ള 41.5 മില്യൺ യൂറോയും 3 മില്യൺ യൂറോ ആഡ് ഓണും ഭാവിയിൽ താരത്തെ വിറ്റ് കിട്ടുന്ന 10 ശതമാനം തുക അയാക്സിന് നൽകാം എന്നുള്ള വെസ്റ്റ് ഹാം ഓഫർ ഡച്ച് ക്ലബ് സ്വീകരിക്കും എന്നാണ് റിപ്പോർട്ട്. ഇതിനകം തന്നെ താരവും ആയി 5 വർഷത്തെ കരാറിന് വെസ്റ്റ് ഹാം വ്യക്തിഗത ധാരണയിൽ എത്തി.
ഇത് ഒരു വർഷത്തേക്ക് നീട്ടാനുള്ള വ്യവസ്ഥയും താരം അംഗീകരിച്ചിട്ടുണ്ട്. നേരത്തെ താരത്തിന് ആയുള്ള മറ്റൊരു ഇംഗ്ലീഷ് ക്ലബ് ആയ ബ്രൈറ്റണിന്റെ ഓഫർ അയാക്‌സ് സ്വീകരിച്ചു എങ്കിലും കുദൂസും ആയി വ്യക്തിഗത കരാറിൽ എത്താൻ ബ്രൈറ്റണിനു ആയിരുന്നില്ല. 2 വർഷത്തെ കരാർ അയാക്സിൽ അവശേഷിക്കുന്ന താരം ക്ലബിൽ പുതിയ കരാർ സ്വീകരിക്കാൻ ഒരുക്കമായിരുന്നില്ല. സീസണിൽ കളിച്ച ആദ്യ മത്സരത്തിൽ ഗോൾ നേടിയ താരം രണ്ടാം മത്സരത്തിൽ അയാക്‌സിന് ആയി അസിസ്റ്റും ചെയ്തിരുന്നു. 2020 മുതൽ അയാക്‌സ് താരം ആയ കുദൂസ് കഴിഞ്ഞ ലോകകപ്പിൽ ഘാനക്ക് ആയി മിന്നും പ്രകടനം ആണ് നടത്തിയത്.