ടോട്ടനം ഹോട്‌സ്പറിന്റെ റെക്കോർഡ് ഗോൾ വേട്ടക്കാരനും ഇംഗ്ലണ്ട് ക്യാപ്റ്റനും ആയ ഹാരി കെയിൻ തന്റെ ബാല്യകാല ക്ലബിനോട് വിട പറഞ്ഞു. 11 വയസ്സ് മുതൽ 20 കൊല്ലം താൻ കരിയർ ചിലവഴിച്ച ക്ലബിനോട് വിട പറയുന്നതിൽ സങ്കടം ഉണ്ടെന്നു പറഞ്ഞ താരം ആരാധകരോട് നന്ദി പറഞ്ഞു. ക്ലബിലെ എല്ലാവരോടും നന്ദി പറഞ്ഞ ഇംഗ്ലണ്ട് ക്യാപ്റ്റൻ താൻ ക്ലബ് വിടുന്നത് ഔദ്യോഗികമായി ആരാധകരോട് താൻ തന്നെ അറിയിക്കണം എന്നും കൂട്ടിച്ചേർത്തു. താൻ എന്നും ക്ലബിന്റെ ആരാധകൻ ആയിരിക്കും എന്ന് പറഞ്ഞ കെയിൻ താരങ്ങൾക്കും കോച്ചിനും ആശംസകളും നേർന്നു.
ഭാവിയിൽ എന്ത് സംഭവിക്കും എന്നറിയില്ല എന്നതിനാൽ തന്നെ ഇത് പൂർണമായുള്ള വിട പറച്ചിൽ അല്ല എന്നും ടോട്ടനം ഇതിഹാസതാരം പറഞ്ഞു. അതേസമയം കെയിന്റെ കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു താരത്തെ ആർ.ബി ലൈപ്സിഗിന് എതിരായ ഇന്നത്തെ ജർമ്മൻ സൂപ്പർ കപ്പ് മത്സരത്തിൽ കളിക്കാൻ ഇറക്കാൻ ആവുമെന്ന പ്രതീക്ഷയിൽ ആണ് ബയേൺ മ്യൂണിക്. നിലവിൽ ക്ലബും ആയി കരാർ ഒപ്പിട്ട താരത്തിന്റെ വരവ് ബയേൺ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 100 മില്യൺ യൂറോയും 20 മില്യൺ യൂറോ ആഡ് ഓണും നൽകിയാണ് കെയിനിനെ ബയേൺ ടീമിൽ എത്തിച്ചത്. ജർമ്മൻ റെക്കോർഡ് ജേതാക്കളും ആയി നാലു വർഷത്തെ കരാറിൽ ആണ് കെയിൻ ഒപ്പ് വെച്ചത്.