പ്രീമിയർ ലീഗ് വമ്പന്മാർ അടക്കം നോട്ടമിട്ടിരുന്ന ലെൻസ് താരം ജോനാതൻ ക്ലോസിനെ ടീമിൽ എത്തിച്ച് ഒളിമ്പിക് മാഴ്‌സെ. ഇരുപതിയൊന്പതുകാരനായ താരത്തിന് വേണ്ടി മാഴ്സെ സമർപ്പിച്ച എട്ട് മില്യൺ യൂറോയുടെ ഓഫർ ലെൻസ് അംഗീകരിക്കുകയായിരുന്നു. മാഴ്സെക്ക് പുറമെ പ്രീമിയർ ലീഗിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ്, വോൾവ്സ് തുടങ്ങിയ ടീമുകളും താരത്തിന് പിറകെ ഉള്ളതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
2020ലാണ് ജോനാതൻ ക്ലോസ് ലീഗ് 1 ലേക്ക് സ്ഥാനക്കയറ്റം നേടിയെത്തിയ ലെൻസിൽ എത്തുന്നത്. അത് വരെ ഫ്രാൻസിലും ജർമനിയിലും രണ്ടാം ഡിവിഷനിലോ അതിലും താഴ്ന്ന ഡിവിഷനുകളിലോ മാത്രമായിന്നു താരം കളിച്ചിരുന്നത്. എന്നാൽ ലെൻസിലെ പ്രകടനം കുറഞ്ഞ സമയം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടു. ഇരുപത്തിയൊൻപതാം വയസ്സിൽ ഫ്രഞ്ച് ദേശിയ ടീമിന്റെ ജേഴ്‌സി കരിയറിൽ ആദ്യമായി അണിയാനും സാധിച്ചു.
അവസാന സീസണിൽ അഞ്ചു ഗോളുകളും പതിനൊന്ന് അസിസ്റ്റുകളുമാണ് ക്ലോസ് ടീമിന് സംഭാവന ചെയ്തത്. വലത് ബാക്ക് സ്ഥാനത്ത് ഇറങ്ങുന്ന താരത്തിന്റെ വിങ്ങുകളിലൂടെയുള്ള ആക്രമണം തന്നെയാണ് പ്രധാന സവിശേഷത.