മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജെസ്സി ലിംഗാർഡിനെ ദക്ഷിണ കൊറിയൻ ക്ലബായ എഫ് സി സിയോൾ സ്വന്തമാക്കി. അവസാന ഏഴു മാസമായി ക്ലബ് ഇല്ലാതെ നിൽക്കുന്ന ലിംഗാർഡിനെ രണ്ടു വർഷം നീണ്ടു നിൽക്കുന്ന ഒരു കരാറിൽ ആകും സിയോൾ സ്വന്തമാക്കുന്നത്. താരം കൊറിയയിൽ എത്തി കഴിഞ്ഞു. ഉടൻ മെഡിക്കൽ പൂർത്തിയാക്കും.
സൗദി അറേബ്യൻ ക്ലബായ ഇത്തിഫാഖിൽ ലിംഗാർഡ് നേരത്തെ പരിശീലനം നടത്തിയിരുന്നു. ഫിറ്റ്നസ് വീണ്ടെടുത്ത താരം ഇത്തിഫാഖിനായി സൗഹൃദ മത്സരങ്ങൾ കളിക്കുകയും ഗോളടിക്കുകയും ചെയ്തിരുന്നു. എന്നാൽ അവിടെ കരാർ ഒപ്പുവെച്ചില്ല.
ജെസ്സി ലിംഗാർഡിനെ അദ്ദേഹത്തിന്റെ ക്ലബായിരുന്ന നോട്ടിങ്ഹാം ഫോറസ്റ്റ് കഴിഞ്ഞ സീസൺ അവസാനത്തോടെ റിലീസ് ചെയ്തിരുന്നു. ഒരൊറ്റ വർഷം കൊണ്ട് താരം ക്ലബ് വിടേണ്ടി വന്നത് താരത്തിന്റെ ഫിറ്റ്നസും ഫോമും കാരണമായിരുന്നു. ഫോറസ്റ്റിനായി ആകെ 17 മത്സരങ്ങൾ മാത്രമെ ലിംഗാർഡ് കളിച്ചുള്ളൂ. ലിംഗാർഡിന് കാര്യമായി ഫോറസ്റ്റ് ജേഴ്സിയിൽ തിളങ്ങാൻ ആയില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ലിംഗാർഡ്. അവസാന സീസണുകളിൽ യുണൈറ്റഡിൽ അവസരം കുറഞ്ഞതോടെ ആയിരുന്നു താരം ക്ലബ് വിട്ടത്. മുമ്പ് വെസ്റ്റ് ഹാമിനായി ലോണിൽ കളിച്ചും ലിംഗാർഡ് തിളങ്ങിയിരുന്നു.