കരാർ റദ്ദാക്കാൻ ഇന്റർ; സാഞ്ചസിനെ കാത്ത് ഒളിമ്പിക് മാഴ്സെ

Nihal Basheer

20220801 152403
Download the Fanport app now!
Appstore Badge
Google Play Badge 1

അലക്സിസ് സാഞ്ചസുമായി വേർപ്പിരിയാൻ ഇന്റർ മിലാൻ. അടുത്ത സീസണിന് മുന്നോടിയായി ടീമിൽ കാതലായ മാറ്റങ്ങൾ വരുത്താനാണ് ഇന്റർ മിലാന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ചില താരങ്ങളെ ഒഴിവാക്കാനുള്ള ടീമിന്റെ പദ്ധതിയിൽ സാഞ്ചസും ഉൾപ്പെട്ടിട്ടുണ്ട്. അടുത്ത വർഷം വരെയാണ് നിലവിൽ ചിലിയൻ താരത്തിന് ഇന്ററുമായി കരാർ ഉള്ളത്. എന്നാൽ അതിന് കാത്ത് നിൽക്കാതെ എത്രയും പെട്ടെന്ന് നിശ്ചിത തുക നൽകി താരവുമായി വേർപ്പിരിയാനാണ് ഇന്റർ നീക്കം. ഏകദേശം അഞ്ചു മില്യൺ യൂറോ കരാർ റദ്ദാക്കുന്നതിന്റെ ഭാഗമായി താരത്തിന് കൈമാറും.

ഒളിമ്പിക് മാഴ്സെ സാഞ്ചസിന് പിറകെ ഉള്ളതും ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. താരവുമായി ഫ്രഞ്ച് ടീം ചർച്ചകൾ നടത്തി വരികയാണ്. പക്ഷെ കൈമാറ്റ തുക നൽകി മുന്നേറ്റ താരത്തെ സ്വന്തമാക്കാൻ മാഴ്സെക്ക് താൽപര്യമില്ല. അത് കൊണ്ട് തന്നെ ഇന്ററുമായി താരം കരാർ റദ്ദാക്കേണ്ടത് അവരുടെയും ആവശ്യമാണ്. കഴിഞ്ഞ സീസണിൽ ഒൻപത് ഗോളും അഞ്ച് അസിസ്റ്റുമായി തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നെങ്കിലും കോച്ച് ഇൻസാഗിയുടെ പദ്ധതിയിൽ സ്ഥാനമില്ലാത്തതിനാൽ കൂടിയാണ് താരത്തിന്റെ സേവനം അവസാനിപ്പിക്കാൻ ഇന്റർ തുനിയുന്നത്. പലപ്പോഴും ബെഞ്ചിൽ നിന്നായിരുന്നു എത്തിയിരുന്നത് എന്നതിനാൽ കൂടുതൽ അവസരങ്ങൾ തേടാനാണ് സാഞ്ചസിന്റെയും തീരുമാനം. മാഴ്‌സെക്കൊപ്പം ചാമ്പ്യൻസ് ലീഗിലും ഇറങ്ങാൻ സാഞ്ചസിന് സാധിക്കും.