വമ്പൻ താരങ്ങൾ ലക്ഷ്യം, ഇകാർഡിയിൽ കണ്ണ് നട്ട് മോൻസ

സീരി എ യിലേക്ക് എത്തിയതിന് പിറകെ ലോകോത്തര താരങ്ങളെ ലക്ഷ്യമിട്ട് എ.സി മോൻസ. മൗറോ ഇകാർഡിയുമായി ടീം ബന്ധപ്പെട്ടുവെന്ന് ഡി മാർസിയോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ താരത്തിന്റെ ഭാഗത്ത് നിന്നും പ്രതികരണം ഒന്നും ലഭിച്ചിട്ടില്ല. ഈ ട്രാൻസ്ഫർ ജാലകത്തിലും ഇകാർഡിക്കുള്ള പുതിയ തട്ടകം കണ്ടെത്താൻ പിഎസ്ജിക്ക് കഴിഞ്ഞില്ലെങ്കിൽ ഒരു പക്ഷെ താരത്തെ അവസാന നിമിഷമെങ്കിലും എത്തിക്കാൻ കഴിഞ്ഞേക്കുമെന്ന നേരിയ പ്രതീക്ഷയിൽ ആണ് ടീം.

ഈ സീസണിൽ ഇകാർഡി പിഎസ്ജിക്കൊപ്പം തുടരില്ലെന്നത് ഉറപ്പാണ്. പുതിയ ടീം കെട്ടിപ്പടുക്കുമ്പോൾ പിഎസ്ജി ഒഴിവാക്കാൻ ഉദ്ദേശിക്കുന്ന താരങ്ങളിൽ ഒരാളാണ് ഇകാർഡി. എങ്കിലും ഔദ്യോഗികമായി യാതൊരു ഓഫറും താരത്തിന് വേണ്ടി ക്ലബ്ബിന് മുന്നിൽ വന്നിട്ടില്ല.

സീരി എയിലേക്ക് എത്താൻ സാധിച്ചതിന് പിറകെ ഐകാർഡിയെ പോലൊരു താരത്തെ എത്തിക്കുന്നത് ലീഗിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ സഹായിക്കുമെന്ന് മോൻസ കണക്ക് കൂട്ടുന്നു. മറ്റൊരു അർജന്റീനൻ താരമായ ഡിബാലക്ക് വേണ്ടിയും മോൻസ ശ്രമങ്ങൾ നടത്തിയെക്കുമെന്ന് ഡിമർസിയോ റിപ്പോർട്ട് ചെയ്തു.