മേസൺ മൗണ്ടിനെയും ഒനാനയെയും സൈൻ ചെയ്ത മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ അടുത്ത ലക്ഷ്യത്തിലേക്ക് ശ്രദ്ധ മാറ്റി. ഇനി അറ്റലാന്റ യുവതാരം റാസ്മസ് ഹൊയ്ലുണ്ടിനെ സ്വന്തമാക്കാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആഗ്രഹിക്കുന്നത്. ഇതിനായുള്ള ശ്രമങ്ങൾ തുടരുകയാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഹൊയ്ലണ്ടിനായി അറ്റലാന്റ ചോദിക്കുന്നത് വലിയ തുക ആയതു കൊണ്ട് യുണൈറ്റഡ് ഇനിയും ബിഡ് സമർപ്പിക്കാൻ തയ്യാറായിട്ടില്ല.
85 മില്യണാണ് അറ്റലാന്റ ആവശ്യപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇത് വളരെ കൂടുതൽ ആണെന്ന് യുണൈറ്റഡ് വിശ്വസിക്കുന്നു. 50-60 മില്യൺ വരെ ആകും യുണൈറ്റഡ് പരമാവധി വാഗ്ദാനം ചെയ്യുക. ഈ തുകയ്ക്ക് അകത്ത് അറ്റലാന്റ വരും എന്ന് യുണൈറ്റഡ് വിശ്വസിക്കുന്നു. ഹൊയ്ലുണ്ടിനെ സ്വന്തമാക്കിയ ശേഷം യുണൈറ്റഡ് ഒരു ഡിഫൻസീവ് മിഡ്ഫീൽഡറെ കൂടെ ടീമിലേക്ക് എത്തിക്കും.
20-കാരന് ആയ റാസ്മസ് ഹൊയ്ലുണ്ടിന് ഇറ്റലിയിൽ അവസാന സീസൺ ഒരു മികച്ച അരങ്ങേറ്റ സീസൺ ആയിരുന്നു. ഈ വർഷം ഡെന്മാർക്ക് ദേശീയ ടീമിനായും ഹൊയ്ലുണ്ട് അരങ്ങേറ്റം കുറിച്ചു. ഈ കഴിഞ്ഞ സീസണിൽ 33 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളും നാല് അസിസ്റ്റുകളും താരം അറ്റലാന്റയ്ക്ക് ആയി നേടിയിരുന്നു. ഇതിൽ 19 മത്സരങ്ങളിൽ മാത്രമെ താരം സ്റ്റാർടിംഗ് ഇലവനിൽ ഉണ്ടായിരുന്നുള്ളൂ.
ഡെൻമാർക്കിനായി അഞ്ച് ഗോളുകളും താരം നേടി. എഫ്‌സി കോപ്പൻഹേഗനിൽ നിന്ന് 2022-ൽ 15 മില്യൺ ഡോളറിനായിരുന്നു അറ്റലാന്റ ഹൊയ്ലുണ്ടിനെ സ്വന്തനാക്കിയത്. 2027 ജൂൺ വരെ താരത്തിന് അറ്റലാന്റയിൽ കരാർ ഉണ്ട്. ഒനാനയുടെ ട്രാൻസ്ഫർ പൂർത്തിയാക്കിയ ശേഷം യുണൈറ്റഡ് അവരുടെ ശ്രദ്ധ ഹൊയ്ലുണ്ടിലേക്ക് തിരിക്കും.