സൗദി അറേബ്യയിലേക്കുള്ള ജോർദാൻ ഹെൻഡേഴ്സന്റെ ട്രാൻസ്ഫർ ഔദ്യോഗികമായി. ലിവർപൂൾ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സണെ സൗദി ക്ലബായ അൽ ഇത്തിഫാഖ് സ്വന്തമാക്കിയതായി ക്ലബ് ഇന്ന് പ്രഖ്യാപിച്ചു. ഹെൻഡേഴ്സണെ 10 മില്യണോളം ട്രാൻസ്ഫർ ഫീ നൽകിയാണ് ഇത്തിഫാഖ് ടീമിലേക്ക് എത്തിക്കുന്നത്. താരം ക്രൊയേഷ്യയിൽ പര്യടനം നടത്തുന്ന ഇത്തിഫാഖ് ടീമിനൊപ്പം ചേർന്നു കഴിഞ്ഞു.
ഇത്തിഫാഖിന്റെ പുതിയ പരിശീലകനായ ജെറാഡിന്റെ സാന്നിധ്യമാണ് ഹെൻഡേഴ്സണെ സൗദിയിൽ എത്തിക്കുന്നത്. ഹെൻഡേഴ്സണ് ലിവർപൂളിൽ ലഭിക്കുന്നതിന്റെ മൂന്നിരട്ടി വേതനം ആണ് ഇത്തിഫാഖ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ലിവർപൂളിൽ 33കാരനായ ഹെൻഡേഴ്സണ് 2025 വരെ കരാർ ഉണ്ടായിരുന്നു. ഈ സമ്മറിൽ ജെയിംസ് മിൽനറെ ഉൾപ്പെടെ മധ്യനിരയിൽ നിരവധി താരങ്ങളെ നഷ്ടപ്പെട്ട ലിവർപൂൾ ഹെൻഡേഴ്സണെ നഷ്ടമായത് തിരിച്ചടിയാകും.
مزيج فاخر 🏴 في معقل فارس الدهناء 💚❤️
#هندرسون_اتفاقي pic.twitter.com/QyimVY6K6x
— نادي الاتفاق (@Ettifaq) July 27, 2023
2011ൽ സണ്ടർലാണ്ടിൽ നിന്നാണ് ഹെൻഡേഴ്സൺ ലിവർപൂളിൽ എത്തുന്നത്. ലിവർപൂളിന് വേണ്ടി 450ൽ അധികം മത്സരങ്ങൾ കളിച്ച ഹെൻഡേഴ്സൺ അവരുടെ കൂടെ ക്യാപ്റ്റനായി പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. 2015 മുതൽ ഹെൻഡേഴ്സൺ ലിവർപൂൾ ടീമിന്റെ ക്യാപ്റ്റനാണ്. 492 മത്സരങ്ങൾ ലിവർപൂളിനായി കളിച്ച ഹെൻഡേഴ്സൺ 39 ഗോളും 74 അസിസ്റ്റും ക്ലബിൽ നൽകി. 8 കിരീടവും അദ്ദേഹം ലിവർപൂളിനൊപ്പം നേടി.