കാത്തിരിപ്പിന് അവസാനം, റയലിന്റെ ആക്രമണം ഇനി ഹസാർഡ് നയിക്കും

Sports Correspondent

ചെൽസിയുടെ ബെൽജിയം സൂപ്പർ താരം ഈഡൻ ഹസാർഡ് ഇനി റയൽ മാഡ്രിഡിന്റെ സ്വന്തം. ഏറെ നാളായി റയൽ കാത്തിരുന്ന സൈനിങ്ങാണ് റയൽ പൂർത്തിയായത്. സിദാന്റെ കീഴിൽ പുതിയ ഉയരങ്ങൾ ലക്ഷ്യമിടുന്ന റയൽ മാഡ്രിഡിന്റെ ഏറെ പ്രാധാന്യമുള്ള സൈനിങ്ങാന് ഇന്ന് പൂർത്തിയായത്. 100 മില്യൺ യൂറോയോളം നൽകിയാണ് പെരസ് ഹസാർഡിനെ സാന്റിയാഗോ ബെർണാബുവിൽ എത്തിക്കുന്നത്.

2012 ൽ ഫ്രഞ്ച് ക്ലബ്ബ് ലില്ലേയിൽ നിന്നാണ് ഹസാർഡ് ചെൽസിയിൽ എത്തുന്നത്. അന്ന് മുതൽ ചെൽസിയുടെ ആക്രമണത്തിന്റെ അവസാന വാക്കായിരുന്നു ഈ വിങർ. ലോക ഫുട്‌ബോളിൽ മെസ്സിക്കും റൊണാൾഡോക്കും ഒപ്പം ചേർക്കാൻ പറ്റിയ അപൂർവ്വം പേരിൽ ഒരാളായാണ് ഫുട്‌ബോൾ പണ്ഡിതർ അഭിപ്രായപെടുന്നത്.

ചെൽസിക്കായി 352 മത്സരങ്ങൾ കളിച്ച ഹസാർഡ് 110 ഗോളുകൾ നീല പടക്കായി നേടിയിട്ടുണ്ട്. 86 അസിസ്റ്റുകളും താരം സ്വന്തം പേരിൽ കുറിച്ചു. 2 തവണ പ്രീമിയർ ലീഗും, 2 യൂറോപ്പ ലീഗും, ഒരു തവണ വീതം എഫ് എ കപ്പും ലീഗ് കപ്പും ചെൽസിക്കൊപ്പം നേടിയാണ് ഹസാർഡ് സ്റ്റാംഫോഡ് ബ്രിഡ്ജിനോട് വിട പറയുന്നത്.