ചെൽസിയുടെ ഹകിം സിയെച് അവസാനം ക്ലബ് വിട്ടു. തുർക്കി ക്ലബായ ഗലറ്റസറെ ആണ് താരത്തെ സ്വന്തമാക്കിയത്. ലോൺ അടിസ്ഥാനത്തിൽ ആണ് താരം തുർക്കിയിൽ എത്തുന്നത്. ലോൺ ഫീ പ്പൊലും തുർക്കി ക്ലബ് നൽകേണ്ടി വന്നില്ല. ഈ സീസൺ അവസാനം ഫ്രീ ആയി തന്നെ സിയെചിനെ സ്വന്തമാക്കാനും ഗലറ്റസറെക്ക് ആകും. അൽ നസറിലേക്കുള്ള ട്രാൻസ്ഫർ അവസാന ഘട്ടത്തിൽ പാളിയതോടെയാണ് സിയെച് തുർക്കിയിലേക്ക് പോകേണ്ടതായി വന്നത്.
ചെൽസി താരത്തെ വിൽക്കാൻ കഴിഞ്ഞ ജനുവരി മുതൽ ശ്രമിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ പി എസ് ജിയിലേക്ക് പോകാൻ സിയെച് ശ്രമിച്ചു എങ്കിലും അതും സാങ്കേതിക കാരണങ്ങളാൽ അവസാന ഘട്ടത്തിൽ പരാജയപ്പെട്ടിരുന്നു.
2020-ൽ അയാക്സിൽ നിന്ന് ചെൽസിയിൽ എത്തിയ സിയെച് തുടക്കത്തിൽ നല്ല പ്രകടനങ്ങൾ ക്ലബിനായി നടത്തിയിട്ടുണ്ട്. 30 കാരനായ സിയെച് പക്ഷെ പിന്നീട് സ്ഥിരത പുലർത്താതെ ആയി. ലോകകപ്പിൽ മൊറോക്കോയ്ക്ക് ആയി ഗംഭീര പ്രകടനങ്ങൾ നടത്തിയത് ചെൽസി ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നു. പക്ഷെ തിരികെ ചെൽസി ടീമിൽ എത്തിയപ്പോൾ ആ മികവ് ആവർത്തിക്കാൻ സിയെചിനായില്ല. ഇനിയും രണ്ട് വർഷത്തെ കരാർ സിയെചിന് ചെൽസിയിൽ ബാക്കി നിൽക്കെ ആണ് താരം ക്ലബ് വിടുന്നത്.